13 നവംബർ 2014

                                            വാസനാവികൃതി


വേങ്ങയില്‍ കുഞ്ഞിരാമന്‍ നായര്‍

(മലയാളത്തിലെ ആദ്യത്തെ ചെറുകഥാകൃത്തും ഭാവനാസമ്പന്നനായ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ 'കേസരി' വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ ഓര്‍മയായിട്ട് നവംബര്‍ 14-ന് നൂറ് വര്‍ഷം തികയുന്നു. മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് അംഗമായിരുന്ന അദ്ദേഹം 1914 നവംബര്‍ 14-ന് മദ്രാസ് നിയമസഭയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് കുഴഞ്ഞുവീണു മരിച്ചത്. മലയാളത്തില്‍ ആധുനികസാഹിത്യരൂപമായ ചെറുകഥയുടെ നാന്ദിയായിരുന്നു വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ 'വാസനാവികൃതി' എന്ന കഥ. 1891-ല്‍ 'വിദ്യാവിനോദിനി' മാസികയില്‍ ആ കഥ അച്ചടിമഷിപുരണ്ടപ്പോള്‍ മലയാളത്തില്‍ ചെറുകഥയുടെ കുഞ്ഞിക്കണ്ണു തുറന്നു. 'വാസനാവികൃതി' കൂടാതെ അദ്ദേഹം ഒട്ടേറെ ചെറുകഥകളും പിന്നീടെഴുതി. ഹാസസാഹിത്യകാരന്‍, രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകന്‍, കൃഷിശാസ്ത്രജ്ഞന്‍ എന്നീ നിലകളിലും നായനാര്‍ അറിയപ്പെട്ടു. പാരമ്പര്യമായിക്കിട്ടിയ ആയിരക്കണക്കിനേക്കര്‍ ഭൂസ്വത്തിനുടമയായ അദ്ദേഹം ആധുനികകൃഷിരീതികള്‍ എങ്ങനെയായിരിക്കണമെന്ന് നാട്ടുകാര്‍ക്കു കാണിച്ചുകൊടുത്തു. അന്ന് മദ്രാസിലെ സെയ്ദാപേട്ട് കാര്‍ഷികകോളേജില്‍നിന്ന് കൃഷിശാസ്ത്രം പഠിച്ച് ബിരുദം നേടിയിട്ടാണ് അദ്ദേഹം ഈ രംഗത്തേക്കു തിരിഞ്ഞത്. പത്രപ്രവര്‍ത്തനരംഗത്താണ് അദ്ദേഹം ഏറെ ശ്രദ്ധേയനായത്. 'കേരളസഞ്ചാരി' എന്ന പ്രസിദ്ധീകരണത്തിന്റെ മുഖ്യപത്രാധിപരായിരുന്നു. കേസരി എന്ന തൂലികാനാമം ലഭിക്കുന്നത് കേരളസഞ്ചാരിയിലൂടെയാണ്. കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിച്ച 'കേരളപത്രിക'യടെ മുഖ്യലേഖകനായിരുന്നു. ദ്വാരക, പരമാര്‍ഥം, മദിരാശിപ്പിത്തലാട്ടം, പൊട്ടഭാഗ്യം തുടങ്ങിയവയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന കഥകള്‍. വജ്രബാഹു, വിദൂഷകന്‍, ദേശാഭിമാനി എന്നീ തൂലികാനാമങ്ങളിലും അദ്ദേഹം എഴുതി. സാമൂഹികവിമര്‍ശമായിരുന്നു വിഷയം. വിദ്യാവിനോദിനി, രസികരഞ്ജിനി, മിതവാദി, ഭാഷാപോഷിണി, സരസ്വതി എന്നീ പ്രസിദ്ധീകരണങ്ങളിലൊക്കെ അദ്ദേഹം എഴുതിയിരുന്നു. മലയാളചെറുകഥയുടെ പിതാവിന് നാട് വേണ്ടത്ര അംഗീകാരം നല്‍കിയോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ജന്മശതാബ്ദിവര്‍ഷത്തില്‍, അദ്ദേഹം അന്ത്യവിശ്രമംകൊള്ളുന്ന പാണപ്പുഴയില്‍ ഒരു സ്മൃതിമണ്ഡപം മാത്രമാണുള്ളത്. അതും മലയാളപാഠശാല എന്ന സന്നദ്ധസംഘടനയുടെ ഇടപെടല്‍വഴി ഉണ്ടായതാണ്. സര്‍ക്കാരും സാഹിത്യ അക്കാദമിയുമൊക്കെ കേസരിയെ മറന്നുവോ എന്നാണ് മലയാളത്തിന്റെ ആദ്യത്തെ ചെറുകഥാകൃത്തിനെ സ്‌നേഹിക്കുന്നവര്‍ ചോദിക്കുന്നത്. വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ 'വാസനാവികൃതി' ചുവടെ വായിക്കാം.)

രാജശിക്ഷ അനുഭവിച്ചിട്ടുള്ളതില്‍ എന്നെപ്പോലെ ഭാഗ്യ ഹീനന്മാരായി മറ്റാരും ഉണ്ടായിട്ടില്ല. എന്നെക്കാള്‍ അധികം ദുഃഖം അനുഭവിച്ചവരും അനുഭവിക്കുന്നവരും ഇല്ലെന്നല്ല ഞാന്‍ പറയുന്നത്. എന്നാല്‍ എന്നെപ്പോലെ വിഡ്ഢിത്തം പ്രവര്‍ ത്തിച്ചു ശിക്ഷായോഗ്യന്മാരായി വന്നിട്ടുള്ളവര്‍ ചുരുക്കമായി രിക്കും. അതാണ് ഇനിക്കു സങ്കടം. ദൈവം വരുത്തുന്ന ആപത്തുകളെ അനുഭവിക്കുന്നതില്‍ അപമാനമില്ല. അധികം ബുദ്ധിയുള്ള പോലീസ് ഉദ്യോഗസ്ഥന്മാരാല്‍ തോല്‍പ്പിക്ക പ്പെടുന്നതും സഹിക്കാവുന്ന സങ്കടമാണ്. താന്‍ തന്നെ ആപ ത്തിനുള്ള വല കെട്ടി ആ വലയില്‍ ചെന്നുചാടുന്നത് ദുസ്സഹമാ യിട്ടുള്ളതല്ല. എന്നുമാത്രമല്ല കുടുങ്ങുന്ന ഒരു കെണിയാണെന്ന് ബുദ്ധിമാന്മാരായ കുട്ടികള്‍ക്കുകൂടി അറിയാവുന്നതായിരു ന്നാല്‍ പിന്നെയുണ്ടാകുന്ന സങ്കടത്തിന് ഒരതിരും ഇല്ല. ഇതാണ് അവമാനം അവമാനം എന്നു പറയുന്നത്.

എന്റെ വീട് കൊച്ചിശ്ശീമയിലാണ്. കാടരികായിട്ടുള്ള ഒരു സ്ഥല ത്താണെന്നു മാത്രമേ ഇവിടെ പറയാന്‍ വിചാരിക്കുന്നുള്ളൂ. ഒരു തറവാട്ടില്‍ ഒരു താവഴിക്കാര്‍ കറുത്തും വേറൊരു താവഴിക്കാര്‍ വെളുത്തും കണ്ടിട്ടുള്ള അനുഭവം നിങ്ങള്‍ക്കുണ്ടായിരിക്കണം. എന്റെ തറവാട്ടിലും ഇതുപോലെയാണ്. എന്നാല്‍ നിറഭേദമു ള്ളത് ദേഹത്തിനല്ല മര്യാദയ്ക്കാണ്. എല്ലാ കാലത്തും ഒരുവകക്കാ ര് മര്യാദക്കാരും മറ്റേ വകക്കാര് അമര്യാദക്കാരുമായിട്ടാണ്. ഈ വേര്‍തിരിവ് ഇന്നും ഇന്നലെയും ആയി തുടങ്ങിയതല്ല. കാരണ വന്മാരുടെ കാലത്തേ ഉള്ളതാണ്. അമര്യാദതാവഴിയിലാണ് എന്റെ ജനനം. ഇക്കണ്ടക്കുറുപ്പ്, രാമന്‍ നായര്‍ എന്നിങ്ങനെ രണ്ടു ദിവ്യപുരുഷന്മാരെ നിങ്ങളില്‍ ചിലരെങ്കിലും കേട്ടിരിക്കാതിരിക്കയില്ല. അവരില്‍ ആദ്യം പറഞ്ഞ മനുഷ്യന്‍ എന്റെ നാലാം അച്ഛനാണ്. നാലു തലമുറ മുമ്പിലത്തെ ഒരു അമ്മാവനും ആണ്. അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കു തന്നെ യാകുന്നു ആ പേര് എനിക്കിട്ടിട്ടുള്ളതും. അതുകൊണ്ട് 'ദ്വേധാ നാരായണീയം'എന്നു പട്ടേരി പറഞ്ഞതുപോലെ മക്ക ത്തായ വഴിക്കും മരുമക്കത്തായ വഴിക്കും ഇനിക്കു കള്ളനാവാ നുള്ള യോഗവും വാസനയും അതികേമമായിരുന്നു. എന്റെ പാരമ്പര്യമാഹാത്മ്യത്തെ എല്ലാവരും പൂര്‍ണമായി അറിവാന്‍ വേണ്ടി നാലാമച്ഛനായ ഇക്കണ്ടകുറുപ്പിന്റെ മുത്തച്ഛനായി രുന്നു ഇട്ടിനാരായണന്‍ നമ്പൂതിരിയെന്നു കൂടി ഇവിടെ പറയേ ണ്ടതായി വന്നിരിക്കുന്നു. ഇട്യാറാണന്റെ കഥ കേള്‍ക്കാത്ത വിഡ്ഢിയുണ്ടെങ്കില്‍ അവനായിട്ട് ഇതു ഞാന്‍ എഴുതുന്നില്ല. ബാല്യത്തില്‍ത്തന്നെ എന്നെ അമര്യാദതാവഴിയില്‍ നിന്നു വേര്‍പെടുത്തുവാന്‍ വീട്ടിലുള്ളവരില്‍ ചിലര്‍ ഉത്സാഹിച്ചു. സാധിച്ചില്ലെങ്കില്‍ അവരുടെ പ്രയത്‌നക്കുറവല്ലെന്ന് ഞാന്‍ സത്യം ചെയ്ത് കയ്പീത്തുകൊടുക്കാം. എന്റെ വാസനാബലം എന്നു മാത്രമേ പറവാനുള്ളൂ. വിദ്യാഭ്യാസവിഷയത്തില്‍ ഞാന്‍ വലിയ മടിയനായിരുന്നു എന്ന് ഒരിക്കലും പറഞ്ഞുകൂടാ. എന്റെ സഹപാഠികളില്‍ അധികം പേരും എന്നെക്കാള്‍ ബുദ്ധി കുറഞ്ഞവരായിരുന്നു എന്നുള്ളതിലേക്ക് ഞങ്ങളുടെ ഗുരുനാ ഥന്‍ തന്നെയാണ് സാക്ഷി. പത്തുകൊല്ലംകൊണ്ട് മുപ്പതുസര്‍ഗം കാവ്യം പഠിച്ച 'ഗണാഷ്ടകവ്യുല്‍പ്പത്തി' മാത്രമായി അവശേഷി ക്കുന്ന ഗംഭീരന്മാര്‍ മലയാളത്തില്‍ പലേടത്തും ഉണ്ട്. ഞാന്‍ അഞ്ചെട്ടു സര്‍ഗ്ഗം കാവ്യം പഠിച്ചിട്ടുണ്ട്. വ്യുല്‍പ്പന്നനായിയെന്ന് മേനി പറയത്തക്ക അറിവ് എനിക്കുണ്ടായില്ല. എങ്കിലും വ്യാഖ്യാനമുണ്ടെങ്കില്‍ മറ്റു സഹായം കൂടാതെ ഒരുവിധം ഭാവം മനസ്സിലാകത്തക്ക വ്യുല്‍പ്പത്തി എനിക്കുണ്ടായി. ഇതു സമ്പാദി ച്ചപ്പോഴേക്കും രണ്ടുവഴിക്കും കൂടി കിട്ടീട്ടുള്ള വാസനകൊണ്ട് ഇതിലൊന്നിലും ഇനിക്കു മോഹമില്ലാതെ തീര്‍ന്നു.

കാടരികില്‍ വീടായതുകൊണ്ട് ഇടയ്ക്കിടെ കാട്ടില്‍പോകുവാനും പല മൃഗങ്ങളായി നേരിടുവാനും സംഗതി വന്നതിനാല്‍ ബാല്യം മുതല്‍ക്കു തന്നെ പേടി എന്ന ശബ്ദത്തിന് എന്നെ സംബന്ധി ച്ചിടത്തോളം അര്‍ഥം ഇല്ലാതെവശായി. വായിക്കുന്ന കാലത്തു തന്നെ കോണം കക്കാറും പ്രഹരം കൊള്ളാറും ഉണ്ട്. എങ്കിലും ഇരുപതു വയസ്സു കഴിഞ്ഞപ്പോഴേക്കും എന്റെ പ്രകൃതം അശേഷം മാറി. ചില്ലറ കളവുവിട്ട് വന്‍തരത്തില്‍ മോഹം തുടങ്ങി. വിലപിടിച്ച സാധനമായാലേ എന്റെ നോട്ടം ചെല്ലുകയുള്ളൂ. ചെന്ന ദിക്കിലെല്ലാം ഈരാറു പന്ത്രണ്ടുതന്നെ. ഇങ്ങനെ വളരെ ദ്രവ്യം സമ്പാദിച്ചു. എന്റെ പ്രവൃത്തിയില്‍ ഞാന്‍ പിന്തുടര്‍ന്നിരുന്നത് നാലാം അച്ഛനെയല്ല. കളവ് ചെയ്യുന്നത് രണ്ടു വിധമാണ്. ഒന്ന് ദീവട്ടിക്കൊള്ള, മറ്റേത് ഒറ്റയ്ക്കുപോയി കക്കുക. ഇതു രണ്ടും തമ്മിലുള്ള വ്യത്യാസം തെളിനായാട്ടും തെണ്ടിനായാട്ടും പോലെയാകുന്നു. തെളിനാ യാട്ടായാല്‍ ഒരു മൃഗത്തെയെങ്കിലും കണ്ടെത്താതിരിക്കയില്ല. എന്നാല്‍ അത് ഇവനു തന്നെ വെടിവയ്ക്കുവാന്‍ തരമാകുന്നത് നിശ്ചയമില്ല. പങ്കിട്ടു കിട്ടുന്ന ഓഹരിയും വളരെ ചുരുക്കമാ യിരിക്കും. മൃഗത്തിന്റെ ചോടു നോക്കി പോകുന്നതായാല്‍ കിട്ടുവാന്‍ താമസവും കണ്ടെത്തിയാല്‍ വൈഷമ്യവും ഉണ്ടെന്നു പറയുന്നതു ശരിയായിരിക്കാം. അസ്വാധീനത്തിങ്കലും വൈഷമ്യ ത്തിലും അല്ലേ രസം? കണ്ടെത്തിക്കിട്ടായാല്‍ പ്രയോഗത്തിന്നു പങ്കുകാരില്ല. അതുകൊണ്ട് ഒറ്റയ്ക്കുള്ളതായിരിക്കുകയാണ് നല്ലത് എന്ന് എനിക്കു തോന്നി. നാലാമച്ഛന്‍ ഈ അഭിപ്രായ ക്കാരനായിരുന്നില്ല അദ്ദേഹം പ്രാചീനന്‍തന്നെ. !ഞാന്‍ നവീന നും. എന്നാല്‍ ഇട്യാറാണാന്‍ മുത്തച്ഛന്‍ തിരുമനസ്സുകൊണ്ട് എന്റെ മതക്കാരനായിരുന്നു. ഇത്രവളരെക്കാലം മുമ്പുതന്നെ ഇദ്ദേഹത്തിനു നവീനബുദ്ധിയുണ്ടായിരിക്കുന്നത് വിചാരിക്കു മ്പോള്‍ ഇദ്ദേഹ ത്തിനെ അമാനുഷന്‍ എന്ന് ഇരിങ്ങാലക്കുട ഗ്രാമക്കാര്‍ പറയുന്നത് അത്ര കഷ്ടമല്ല.

വീട്ടില്‍നിന്നു ചാടിപ്പോന്നതില്‍പ്പിന്നെ അഞ്ചു കൊല്ലത്തോളം ഞാന്‍ പുറത്തിറങ്ങി സമ്പാദിച്ചു. അപ്പോഴേക്ക് കൊച്ചി രാജ്യ ത്ത് പുതിയ പോലീസ് ഏര്‍പ്പെടുത്തി. അക്കാലത്ത് തൃശ്ശിവപേരൂ ര്‍ക്ക് സമീപം ഒരു ദിക്കില്‍ ഞാനൊരു കളവുനടത്തി. അത് ഗന്തര്‍ സായ്പിന്റെ പരിവാരങ്ങള്‍ക്ക് അശേഷം രസമായി ല്ലപോല്‍. കളവുണ്ടായത് ഒരില്ലത്താണ്.
ഗൃഹസ്ഥന്റെ മകനാ യിരുന്നു എനിക്ക് ഒറ്റ്. ഈ കള്ളന്‍ പാശികളിക്കാരനായിരുന്നു. അതില്‍ വളരെ കടം പറ്റി. വീട്ടുന്നതിന് നിവൃത്തിയും ഉണ്ടായി രുന്നില്ല. എന്നിട്ടാണ് എന്നെ ശരണം പ്രാപിച്ചത്. അച്ഛന്‍ നമ്പൂതിരി ഉണരാതിരിപ്പാന്‍ കറുപ്പുകൂടിയ മരുന്നു ഞാന്‍ കുറെ കൊടുത്തിട്ടുണ്ടായിരുന്നു. അതു വൈകുന്നേരത്തെ പാലിലി ട്ടുകൊടുപ്പാനാണ് ശട്ടം കെട്ടിയിരുന്നത്. നാലില്‍ ഒന്നു മാത്രമേ കൊടുക്കാവു എന്ന് പ്രത്യേകം താക്കീതു ചെയ്തിട്ടുണ്ടായിരുന്നു. അകത്തുകടന്ന് ഒതുക്കാവുന്നതെല്ലാം ഞാന്‍ കൈക്കലാക്കി. നമ്പൂതിരിയുടെ തലയ്ക്കല്‍ ഒരു ആഭരണപ്പെട്ടി വച്ചിരുന്നതും തട്ടണമെന്ന് കരുതി അടുത്തുചെന്നു. അദ്ദേഹം ഉണരുമോ എന്നു വളരെ ഭയമുണ്ടായിരുന്നു. അതുണ്ടായില്ല. എങ്ങനെയാ ണ് ഉണരുന്നത്? ഒരിക്കലും ഉണരാത്ത ഉറക്കമാണ് അദ്ദേഹം ഉറങ്ങിയിരുന്നത്. ആ മഹന്‍ മഹാപാപി തന്റെ മനോരഥം സാധിക്കുന്നതിന്ന് ഒരു തടസ്സവും വരരുതെന്നു വിചാരിച്ച് ഞാന്‍ കൊടുത്ത മരുന്നു മുഴുവനെ പാലിലിട്ടു കൊടുത്തു. ഞാന്‍ എടുത്ത മുതലില്‍ ആഭരണപ്പെട്ടി മുഴുവന്‍ എന്റെ സ്‌നേഹിതയായ കല്ല്യാണിക്കുട്ടിക്കു കൊടുത്തു. അവള്‍ക്കു എന്നേയും എനിക്ക് അവളേയും വളരെ അനുരാഗമു ണ്ടായി രുന്നു. പെട്ടിയില്‍ നിന്ന് ഒരു പൂവെച്ചമോതിരം എടുത്ത് ഒരു ദിവസം രാത്രി എന്റെ എടത്തെക്കൈയിന്റെ മോതിരവിരലി ന്മേല്‍ ഇടുവിച്ചു. അതു മുതല്‍ക്ക് ആ മോതിരത്തെപ്പറ്റി ഇനിക്ക് അതിപ്രേമമായിരുന്നു. കുറച്ചു ഊരാഞ്ചാടിയായിരുന്നാലും ഞാന്‍ കയ്യില്‍ നിന്ന് ഊരാറില്ല.

നമ്പൂതിരിയുടെ ഇല്ലത്തെ കളവുകവിഞ്ഞതില്‍ വച്ച് എന്റെ മേല്‍ പോലീസ്സുക്കാര്‍ക്ക് സംശയം തോന്നി. ഉടനെ കൊടുങ്ങല്ലൂ ര്‍ തലേക്കെട്ടും കളവുപോയി. അടുത്തകാലത്തിന്നുള്ളില്‍ വേറെ രണ്ടു മൂന്നു കളവുകളും നടന്നു. പോലീസുകാരുടെ അന്വേഷണം കൊണ്ടുപിടിച്ചു. എല്ലാം കൂടി ഇനിക്കവിടെ ഇരിപ്പാന്‍ തരമില്ലെന്നുതോന്നി. കുറച്ചുദിവസത്തേക്ക് ഒഴിഞ്ഞു പോകണമെന്നു നിശ്ചയിച്ച് മദിരാശിക്ക് പുറപ്പെട്ടു. അവിടെച്ചെ ന്നാല്‍ യാതൊരു വിദ്യയും എടുക്കണമെന്നുണ്ടായിരുന്നില്ല. എന്റെ ഒരു കോടതിപൂട്ടല്‍പ്പോലെ വിചാരിച്ചാണ് ഞാന്‍ പുറപ്പെട്ടത്. കോടതി പൂട്ടിയാല്‍ പിന്നെ ഉദ്യോഗസ്ഥന്മാര്‍ക്ക് സൗഖ്യവും സൗന്ദര്യവും തെണ്ടി സഞ്ചരിക്കുകയല്ലേ തൊഴില്‍. അതുപോലെ ഞാനും ചെയ്വാന്‍ നിശ്ചയിച്ചു. മദിരാശിയില്‍ നിന്ന് ഒരു മാസത്തോളം കാഴ്ച കണ്ടുനിന്നു. ഒരു ദിവസം ഗുജിലിത്തെരുവില്‍ ചെന്നപ്പോള്‍ അതിസൗഭാഗ്യവതിയായ തേവിടിശ്ശി സാമാനം വാങ്ങുവാന്‍ വന്നിരുന്നു. അപ്പോള്‍ ആ പീടികയില്‍ കുറച്ചു ജനത്തിരിക്കും ഉണ്ടായി. അതിനിടയില്‍ ഒരു വിഡ്ഢ്യാന്‍ പകുതിവായയും തുറന്ന് കറപറ്റിയ കോന്ത്രമ്പല്ലും പുറത്തുകാട്ടി ആ തേവിടിശ്ശിയുടെ മുഖം നോക്കിനിന്നിരുന്നു. ഈ മന്നന്റെ നില കണ്ടപ്പോള്‍ ഇവനെ ഒന്നു പറ്റിക്കാതെ കഴിയില്ലെന്നു നിശ്ചയിച്ചു. വേണ്ടാസനത്തിനു പുറപ്പെടണ്ടാ എന്നു വച്ചിരുന്ന നിശ്ചയം തല്‍ക്കാലം മറന്നുപോയി. ഉടനെ ഞാനും ആ കൂട്ടത്തിലേക്ക് അടുത്തുചെന്നു. അവന്റെ പോക്കറ്റില്‍ എന്റെ എടത്തെ കയ്യിട്ടു. ഈ ജാതി കളവില്‍ സാമര്‍ഥ്യമുണ്ടാകണമെങ്കില്‍ അര്‍ജുനന്റെ സവ്യസാചിത്വവും അഭ്യസിച്ചിരിക്കണം. രണ്ടുകൈകൊണ്ടും ഒരുപോലെ പ്രയോ ഗിപ്പാന്‍ സാമര്‍ഥ്യം ഇല്ലാഞ്ഞാല്‍ പലതരങ്ങളും തെറ്റിപ്പോകു വാന്‍ ഇടയുണ്ട്. പോക്കറ്റില്‍ നിന്ന് നോട്ടുപുസ്തകവും എടുത്ത് ഞാന്‍ വലത്തോട്ട് മാറി മടങ്ങിപ്പോരികയും ചെയ്തു. ഭക്ഷണം കഴിഞ്ഞ് രാത്രി കിടന്നുറങ്ങുമ്പോള്‍ കല്ല്യാണിക്കുട്ടിയെ സ്വപ്നം കണ്ട് ഞെട്ടി ഉണര്‍ന്നു. ഏകസംബന്ധിജ്ഞാനമപരസംബന്ധി സ്മാരകമെന്ന ന്യായേന മോതിരത്തെപ്പറ്റി ഓര്‍മവന്നു. തപ്പിനോക്കിയപ്പോള്‍ കൈയിന്മേല്‍ കണ്ടില്ല. ഇനിക്കു വളരെ വ്യസനമായി. എവിടെപ്പോയിരിക്കാമെന്ന് വളരെ ആലോചിച്ചു. ഒരു തുമ്പും ഉണ്ടായില്ല. പിറ്റേന്നാള്‍ കാലത്തെ എഴുന്നേറ്റ് തലേ ദിവസം നടന്ന വഴികളും ഭവനങ്ങളും പരിശോധിച്ചു. പലരോടും ചോദിക്കയും ചെയ്തു. പോലീസ് സ്‌റ്റേഷനില്‍ ചെന്ന് അറിവ് കൊടുത്തു. വല്ല വിധേനയും അവരുടെ കൈവശത്തില്‍ വരുവാന്‍ സംഗതിയുണ്ടെന്നു കരുതിയാണ് ആ കഥയില്ലായ്മ പ്രവര്‍ത്തിച്ചത്.

അന്നു ഉച്ചതിരിഞ്ഞ സമയത്ത് ഒരു കോണ്‍സ്റ്റബിള്‍ ഞാന്‍ താമസിക്കുന്നേടത്തു വന്നു. അയാളെ കണ്ടപ്പോള്‍ത്തന്നെ എന്റെ മോതിരം കിട്ടിയെന്ന് എനിക്കു തോന്നി. മടക്കിത്ത രുവാനുള്ള മടികണ്ടപ്പോള്‍ വല്ല സമ്മാനവും കിട്ടണമെന്നാണെ ന്നു വിചാരിച്ചു ഞാന്‍ അഞ്ചുറുപ്പിക കയ്യിലെടുത്തു. 'ഈ മോതിരം എന്റെ കൈയ്യില്‍ വന്നത് എങ്ങനെയാണെന്നു നിങ്ങള്‍ക്കു മനസ്സിലായോ' എന്നു ചോദിച്ചപ്പോള്‍ ഞാന്‍ അറിയാതെ സ്തംഭാകാരമായിട്ടു നിന്നു. ഇനിക്ക് ഓര്‍മവ ന്നപ്പോള്‍ കൈവിലങ്ങും വച്ച് ദേഹപരിശോധനകഴിച്ച് പോക്ക റ്റില്‍ നിന്ന് നോട്ടുപുസ്തകവും എടുത്ത് മേശപ്പുറത്തു തന്നെ വച്ചിരിക്കുന്നു. ഈ വിഡ്ഢിത്തത്തിന്റെ സമ്പാദ്യം ആറുമാസവും പന്ത്രണ്ടടിയും തന്നെ. അതും കഴിച്ച് ഞാനിതാ പുറത്തുവ ന്നിരിക്കുന്നു. ഇത്ര കൊള്ളരുതാത്ത ഞാന്‍ ഇനി ഈ തൊഴിലി ല്‍ ഇരുന്നാല്‍ നാലാമച്ഛന് അപമാനമേയുള്ളൂ. കളവു ചീത്ത യാണെന്നല്ലേ എല്ലാവരും പറയുന്നത്. ഞാനെന്റെ തൊഴിലും താവഴിയും ഒന്നു മാറ്റി നോക്കട്ടെ. ഇതുവരെ ചെയ്ത പാപമോ ചനത്തിനും മേലില്‍ തോന്നാതിരിപ്പാനും വേണ്ടി ഗംഗാസ്‌നാന വും വിശ്വനാഥദര്‍ശനവും ചെയ്യട്ടെ. പണ്ടു മുത്തശ്ശി സന്ധ്യാസ മയത്ത് ചൊല്ലാറുണ്ട്:
'ശ്രുതിസ്മൃതിഭ്യാം വിഹിതാ വ്രതാദയഃ
പുനന്തി പാപം ന ലുനന്തി വാസനാം
അനന്തസേവാ തു നികൃന്തതി ദ്വയീ
മിതിപ്രഭോ ത്വല്‍പുരുഷാ ബഭാഷിരെ.'
(ഒപ്പ്)
ഇക്കണ്ടക്കുറുപ്പ്‌

0 comments:

കമന്റുകള്‍ മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം key bord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ