10 ഒക്‌ടോബർ 2014

                            

           ചൈനയില്‍ രാമായണം 'ഹിഷിയുച്ചി'ചൈനയിലെ രാമായണത്തിന്റെ പേര് ഹിഷിയുച്ചി (Hsi Yu Chi) എന്നാണ്. ഈ കൃതി രചിച്ചത് വ്യു ചെങ്-എന്‍ (Wu Cheng-en) ആണ്. 'ദ മങ്കി' (The Monkey) എന്നത് ഇതിന്റെ ഇംഗ്ലീഷ് ഭാഷ്യം. സണ്‍ വ്യുക്കുങ് (Sun Wukung) എന്ന വാനരനാണ് ഇതിലെ മുഖ്യകഥാപാത്രം. കഥയുടെ കടിഞ്ഞാണ്‍ ഈ കുരങ്ങിന്റെ കൈയിലാണ്. ശരീരവലിപ്പവും ശക്തിയുമുള്ള സണ്‍ വ്യുക്കുങ് തന്റെ അസാമാന്യ ധീരതകൊണ്ട് എന്തും നേരിടുന്ന പ്രകൃതക്കാരനാണ്. ആരെയും രസിപ്പിക്കുന്ന നര്‍മചാതുര്യം സണ്‍ വ്യുക്കുങ്ങിന്റെ പ്രത്യേകതകളില്‍ ഒന്നുമാത്രം. അധാര്‍മികതയ്‌ക്കെതിരേ എപ്പോഴും ഉണര്‍ന്നിരിക്കുന്ന വാനരരൂപം എന്ന് നമുക്കവനെ വിശേഷിപ്പിക്കാം. ദേവസഭാതലത്തില്‍പ്പോലും ഒരു കൂസലുമില്ലാതെ കടന്നുചെന്ന് തമാശ പറയുവാന്‍ ഒട്ടും മടിയില്ലാത്ത സണ്‍ വ്യുക്കുങ് ദേവന്മാര്‍ക്കും പ്രിയങ്കരനാണ്. അവന്റെ അദ്ഭുതകൃത്യങ്ങള്‍ ദേവന്മാരെപ്പോലും അതിശയിപ്പിച്ചിട്ടുണ്ട്. വാല്മീകിരാമായണത്തിലെ ഹനുമാന്‍തന്നെയാണ് ഈ കൃതിയിലെ സണ്‍ വ്യുക്കുങ്ങെന്ന് നമുക്ക് നിസ്സംശയം പറയാം.

ബുദ്ധസാഹിത്യത്തില്‍ ത്രിപീഠിക എന്ന ഒരു കൃതിയുണ്ട്. ഇത് 'രാമകഥ' തന്നെയാണ് ! ചൈനയില്‍ ഈ കൃതി വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഡോ. രഘുവീര, ഷിക്കിയോ യമാ മോട്ടോ എന്നിവര്‍ ചൈനയിലെ രാമായണം' (ഞമാമ്യമിമ ശി ഇവശിമ) എന്ന കൃതി രചിച്ചിട്ടുണ്ട്. ത്രിപീഠികയുടെയും ഹിഷിയുച്ചിയുടെയും പ്രചോദനവും ഉദ്ഭവവും വെളിപ്പെടുത്തുന്ന പ്രത്യേക ചരിത്രവസ്തുതകള്‍ ഒന്നും കണ്ടെത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്നാണ് ഈ കൃതിയിലെ വിശദീകരണം.

ആറു പാരമിതസൂത്രങ്ങളുടെ സമാഹാരമാണ് ജാതക ഓഫ് ദി അണ്‍ നെയിംഡ് കിങ്. ഇത് ചൈനീസ് ത്രിപീഠികയുടെ ടായ്‌ഷോ പതിപ്പാണ്. സോഡ്ജിയന്‍ മോങ്ക് കാള്‍ സെങ് ഹുയിയാണ് ഇതു വിവര്‍ത്തനം ചെയ്തിരിക്കുന്നത്. മറ്റൊരു കൃതി നിദാന ഓഫ് ദി കിങ്് ഓഫ് ടെന്‍ ലക്ഷ്വറീസ് ആണ്. പാലിയിലെ ദശരഥജാതക എന്ന ധര്‍മസിദ്ധാന്തത്തോട് ഇവ കടപ്പെട്ടിരിക്കുന്നു.

ബോധിസത്വന്‍ എന്ന രാജാവിന്റെ കഥയാണ് അണ്‍നെയിംഡ് കിങ്ങിലുള്ളത്. ബോധിസത്വന്‍ സദാചാരിയും ധാര്‍മികനുമാണ്. ബോധിസത്വന്റെ അമ്മാവനാണ് അയല്‍രാജ്യം ഭരിക്കുന്നത്. ഇയാള്‍ ചതിയനാണ്. ബോധിസത്വന്റെ രാജ്യം ആക്രമിച്ച് സ്വന്തമാക്കുകയും ബോധിസത്വനെയും പത്‌നിയെയും മന്ത്രിമാരെയും നാടുകടത്തിയവനുമാണ്. ബോധിസത്വനും പത്‌നിയും മന്ത്രിമാരും ഒരു പര്‍വതപ്രദേശത്തേക്കാണ് പലായനം ചെയ്തത്. ജനങ്ങള്‍ക്കു മേല്‍ ക്രൂരമായ ഏകാധിപത്യം അടിച്ചേല്പിച്ചുകൊണ്ടാണ് ബോധിസത്വന്റെ അമ്മാവന്‍ ഭരണം നടത്തിയത്.
പര്‍വതപ്രദേശത്ത് സ്ഥിരം വിഹരിക്കാറുള്ള നാഗം ബോധിസത്വന്റെ പത്‌നിയെക്കണ്ട് അവളില്‍ ആകൃഷ്ടനായി. ചതിയനും ദുര്‍മാര്‍ഗിയുമായ നാഗം ഒരിക്കല്‍ സന്ന്യാസിയുടെ രൂപത്തില്‍ അവളുടെ അരികില്‍ എത്തി. ആരുംതന്നെ അവള്‍ക്കൊപ്പമില്ലാത്ത സമയമായിരുന്നു നാഗം രൂപം മാറി പ്രത്യക്ഷപ്പെട്ടത്. സന്ന്യാസിയെ കണ്ട അവള്‍ ആദരവോടെ അദ്ദേഹത്തെ സ്വീകരിച്ചിരുത്തി. നാഗം നല്ല സന്തോഷത്തിലായിരുന്നു. പറ്റിയ സന്ദര്‍ഭമെന്നു കരുതിയ സന്ന്യാസി, അവള്‍ കുടിക്കാന്‍ വെള്ളവുമായി അരികില്‍ വന്നപ്പോള്‍ അവളുടെ കൈയ്ക്ക് കടന്നുപിടിച്ചു. ഇതു ചതിയായിരുന്നെന്ന് അപ്പോഴാണ് അവള്‍ അറിയുന്നത്. കുതറിമാറാന്‍ ശ്രമിച്ച അവളെ നാഗം വിട്ടില്ല. അവന്‍ അവളെയുമെടുത്ത് ഒരു മലഞ്ചരിവിലേക്കു കുതിച്ചു. ഒരു വലിയ പക്ഷി അവളെ രക്ഷപ്പെടുത്താന്‍ ആവുന്നത്ര ശ്രമിച്ചു. പക്ഷിയെ തട്ടിമാറ്റി നാഗം പിന്നീട് ഒരു ദ്വീപിലേക്കു കടന്നു. അവിടെ ആരും കാണാത്ത ഒരിടത്ത് അവളെ ഒളിപ്പിച്ചു.

പക്ഷി അവശതയോടെ ഇതെല്ലാം നോക്കിക്കണ്ടു. ബോധിസത്വന്‍ തിരികെ വന്നപ്പോള്‍ പത്‌നിയെ കാണാതെ വിഷമിച്ചു. മന്ത്രിമാരും ബോധിസത്വനും അവളെത്തേടി പുറപ്പെട്ടു. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ഏകനായി ഇരിക്കുന്ന കുരങ്ങിന്റെ അരികിലാണ് അവര്‍ യാത്രചെയ്ത് എത്തിയത്. ബോധിസത്വന്‍ വാനരനോട് വിഷമങ്ങള്‍ തിരക്കി. രാജ്യം പിടിച്ചടക്കി സ്വന്തം അമ്മാവന്‍ തന്നെ നാടുകടത്തിയതാണ് എന്ന് കുരങ്ങ് അവരോട് പറഞ്ഞു. ബോധിസത്വന്‍ സ്വന്തം അനുഭവം കുരങ്ങിനോടും പറഞ്ഞു. തുല്യ അനുഭവമുള്ള അവര്‍ സൗഹൃദത്തിലായി. പത്‌നിയെ കണ്ടെത്താനുള്ള എല്ലാ സഹായവും എന്നില്‍നിന്ന് പ്രതീക്ഷിക്കാമെന്ന് വാനരന്‍ ബോധിസത്വനു വാക്കു നല്കി. ബോധിസത്വനും മന്ത്രിമാരും കുരങ്ങിനു സ്വന്തം രാജ്യം തിരികെ ലഭിക്കാനായി അവന്റെ മാതുലനുമായി യുദ്ധം ചെയ്തു. യുദ്ധത്തില്‍ പരാജയം മുന്നില്‍ക്കണ്ട് മാതുലന്‍ ഓടിമറഞ്ഞു. വാനരന് സ്വരാജ്യം അവര്‍ നേടിക്കൊടുക്കുകയും ചെയ്തു.

രാജ്യം തിരികെ ലഭിച്ച വാനരന്‍ സ്വരാജ്യത്ത് രാജാവായി അവരോധിതനായതിനുശേഷം ബോധിസത്വന്റെ പ്രിയപത്‌നിയെത്തേടി തന്റെ സേനയോടൊപ്പം പുറപ്പെട്ടു. കൂടെ ബോധിസത്വനും മന്ത്രിമാരും ഉണ്ടായിരുന്നു. യാത്രാമധ്യേ അവര്‍ ചിറകിനു പരിക്കു പറ്റിയ ഒരു പക്ഷിയെ കണ്ടു. പക്ഷി നാഗവുമായുണ്ടായ ഏറ്റുമുട്ടലും നാഗം എവിടെയാണ് ബോധിസത്വന്റെ പത്‌നിയെ ഒളിച്ചുവെച്ചിരിക്കുന്നതെന്നും പറഞ്ഞ് അവരെ അവിടേക്ക് യാത്രയാക്കി. സമുദ്രത്തില്‍നിന്നും ആ ദ്വീപിലേക്കെത്താന്‍ വാനരന്മാര്‍ ഒരു പാലവും നിര്‍മിച്ചു. അതുവഴി ദ്വീപിലെത്തിയ അവര്‍ നാഗവുമായി ഉഗ്രപോരാട്ടം നടത്തി. പരാജയം ഉറപ്പായതോടെ നാഗം തന്നിലെ ഉഗ്രവിഷം അവര്‍ക്കുനേരെ ചീറ്റി. വിഷമേറ്റ് വാനരരാജനൊഴികെ മറ്റെല്ലാവരും ബോധരഹിതരായി. വാനരരാജന്‍ അവരെ രക്ഷപ്പെടുത്താന്‍ ഉടനെ ഔഷധച്ചെടി പറിച്ചുകൊണ്ടുവന്നു. മരുന്നരച്ച് എല്ലാവര്‍ക്കും കൊടുത്തു. വിഷബാധയില്‍നിന്നും ശമനമുണ്ടായ അവര്‍ വീണ്ടും നാഗത്തെ ആക്രമിച്ചു. നാഗം കൊടുങ്കാറ്റായും ഇടിമിന്നലായും അവര്‍ക്കു നേരെ അടുത്തു. പക്ഷേ, വാനരരാജന്റെ ചെറുത്തുനില്പില്‍ അതെല്ലാം നിഷ്ഫലമായി. എല്ലാ മാര്‍ഗങ്ങളും നാഗത്തിന് തടസ്സമായി. വാനരരാജന്റെ സഹായസാന്നിധ്യത്തില്‍ ബോധിസത്വന്‍ അവനെ അമ്പെയ്തു വീഴ്ത്തി. നാഗം പിടഞ്ഞുമരിച്ചു. നാടുകടത്തപ്പെട്ടപ്പോഴുണ്ടായ എല്ലാ പീഡനങ്ങളെയും അതിജീവിച്ച ബോധിസത്വന്‍, തന്റെ അമ്മാവന്‍ മരിച്ച വിവരവും അറിഞ്ഞു. അതുകൊണ്ട് ഇനി രാജാവാകേണ്ടത് താന്‍തന്നെയെന്ന് ഉറപ്പിച്ച ബോധിസത്വന്‍, ഇനിയുമൊരു യുദ്ധത്തിന് ഇറങ്ങേണ്ടി വന്നില്ലല്ലോ എന്ന സന്തോഷത്തിലുമായിരുന്നു. ബോധിസത്വനും പത്‌നിയും മന്ത്രിമാരും വാനരപ്പരിവാരങ്ങളും ബോധിസത്വന്റെ രാജ്യത്തേക്ക് പുറപ്പെട്ടു. അവിടെ എത്തിയ ബോധിസത്വനെ എല്ലാവരും രാജാവായി വാഴ്ത്തി.

രാജാവും രാജ്ഞിയും സന്തോഷത്തോടെ അവിടെ കഴിഞ്ഞുവന്നപ്പോള്‍, രാജ്ഞിയുടെ പാതിവ്രത്യത്തെക്കുറിച്ചുള്ള വേണ്ടാക്കഥകള്‍ അവിടെ പ്രചരിക്കാന്‍ തുടങ്ങി. നാഗനുമായി കുറെ കാലത്തോളം ഒറ്റപ്പെട്ട ഒരു ദ്വീപില്‍ കഴിഞ്ഞ അവള്‍ അത്രയൊന്നും പതിവ്രത ആയിരിക്കില്ല എന്നായിരുന്നു തദ്ദേശവാസികളുടെ സംസാരം. ഒടുവില്‍ രാജാവിനും അവളെ സംശയമായി. അവള്‍ തന്റെ നിഷ്‌കളങ്കത എത്ര പറഞ്ഞിട്ടും രാജാവ് വിശ്വസിച്ചില്ല. രാജാവും തന്നെ വിശ്വസിക്കുന്നില്ലല്ലോ എന്ന സന്താപത്തില്‍ അവള്‍ ഭൂമീദേവിയെ പ്രാര്‍ഥിച്ചു. ഭൂമി അവള്‍ക്കു മുന്നില്‍ പിളര്‍ന്നുവന്നപ്പോള്‍ അവള്‍ അതിനുള്ളില്‍ ചാടി ജീവത്യാഗം ചെയ്തു. പത്‌നിയുടെ പവിത്രതയുടെ ആഴം മനസ്സിലാക്കിയ രാജാവ,് ഭൂമിദേവിയുടെ കാല്‍പിടിച്ച് മാപ്പിരന്നു. ഒടുവില്‍ എല്ലാം ക്ഷമിച്ച് ഭൂമി അവളെ രാജാവിനു നല്കി. രാജാവ് സ്‌നേഹപൂര്‍വം അവളെ സ്വീകരിച്ചു. തന്റെ സംശയത്തിന് പത്‌നിയോട് ക്ഷമചോദിച്ചു.

ബോധിസത്വന്റെ ഭരണം വന്നതോടെ ആ ദേശം വീണ്ടും അതിന്റെ പഴയകാല പ്രൗഢിയിലേക്ക് തിരിച്ചുവന്നു. പടയാളികള്‍ അവരുടെ ആത്മാര്‍ഥതയും ധീരതയും പതിന്മടങ്ങ് വര്‍ധിപ്പിച്ചു. ഉയര്‍ന്ന ജോലിയിലുള്ളവര്‍ കീഴ്ജീവനക്കാരെ അവഗണിക്കുകയോ തരംതാഴ്ത്തുകയോ ചെയ്തില്ല. ശക്തിമാന്മാര്‍ അശക്തരെ കളിയാക്കുകയോ ദ്രോഹിക്കുകയോ ചെയ്തില്ല. അവരോട് ദയയും സ്‌നേഹവും കാണിച്ചു. രാജാവിന്റെ മനഃശുദ്ധിയില്‍നിന്നും ഉള്‍ക്കൊണ്ട മൗലികസ്വഭാവങ്ങളും പെരുമാറ്റങ്ങളും ആയിരുന്നു ഇതെല്ലാം.

നിര്‍ദയകളും കുലടകളുമായ സ്ത്രീകള്‍ അവരുടെ ദുഃസ്വഭാവങ്ങള്‍ ഒഴിവാക്കി. സത്പ്രവൃത്തികളിലും പ്രാര്‍ഥനകളിലും മുഴുകി ആത്മശാന്തിക്കായി പ്രയത്‌നിച്ചു. അത്യാഗ്രഹങ്ങളില്ലാത്ത, ആഡംബരങ്ങളില്ലാത്ത ഒരു മാനവസംസ്‌കാരം അവര്‍ വീണ്ടെടുത്തു. നിത്യജീവിതത്തെ സുഗമമായ ആത്മീയമാര്‍ഗങ്ങളില്‍ അവര്‍ തുറന്നുവിട്ടു. അയോധ്യയില്‍ ഉണ്ടായിരുന്ന രാമഭരണത്തിനു തുല്യംതന്നെയായിരുന്നു ബോധിസത്വന്റെ ഭരണവും.

നിദാന ഓഫ് ദി കിങ് ഓഫ് ടെന്‍ ലക്ഷ്വറീസ് ജാംബുദ്വീപില്‍ ഭരണം നടത്തിയ ദശരഥ മഹാരാജനെക്കുറിച്ചുള്ള കഥയാണ് പറയുന്നത്. അദ്ദേഹത്തിന്റെ ഭരണകാലത്ത് ജാംബുദ്വീപില്‍ ആയിരം വര്‍ഷത്തോളം ദീര്‍ഘിച്ച സന്തുഷ്ടമായ ഒരു ജീവിതം എല്ലാവര്‍ക്കും ലഭിച്ചു.
0 comments:

കമന്റുകള്‍ മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം key bord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ