28 ജൂൺ 2012

സങ്കടങ്ങള്‍ കൊണ്ട് മഴവില്ല് തീര്‍ത്ത കവി

അയ്യപ്പന്‍


അപ്പൂപ്പനും അമ്മൂമ്മയും

പാട്ടും നൃത്തവും വര്‍ത്തമാനവും ഒരുമിച്ച് നാടകവേദിയില്‍ അവതരിപ്പിച്ചിരുന്ന കാലം. ഹാര്‍മോണിയം മാത്രമായിരുന്നു അക്കാലത്ത് പ്രധാന സംഗീതോപകരണം. ഈ ഹാര്‍മോണിയം... അങ്ങനെ ഒരാള്‍ ഇരുന്ന് വായിക്കുമ്പോള്‍.... ഇതനുസരിച്ച് പാട്ടു പാടി ഒരു പ്രത്യേക ചുവടോടെ ഗായകന്‍ വരുന്നു.... ഈ ഗ്രാമീണനാടകംപോലെയായിരുന്നു ചെറുപ്പത്തിലെ രാത്രികള്‍.

എന്റെ അമ്മൂമ്മ ഒരു സംഭവം പറയണമെങ്കില്‍ അതിന്റെ കൂടെ ഒരു പാട്ടു പാടണം. അവരുടെ പഴയ... തമിഴ് പാട്ടുകള്‍...

എന്റെ അപ്പൂപ്പനും നല്ലൊരു സംഗീതജ്ഞനായിരുന്നു. കല്ലാശാരിയായിരുന്നു അപ്പൂപ്പന്‍. അമ്മൂമ്മ നല്ലൊരു പാട്ടുകാരിയാണെന്നു പറഞ്ഞല്ലൊ. അമ്മൂമ്മ പാടുമ്പോഴും സംസാരിക്കുമ്പോഴും അപ്പൂപ്പന്‍ ഉളി കല്ലില്‍ കൊത്തുന്ന ശബ്ദം പശ്ചാത്തലസംഗീതമായിട്ടുണ്ടാവും.

കള്ളിക്കാട് ഡാം എന്നു കേട്ടിട്ടില്ലേ. അതിന്റെ മേലാശാരിയായിരുന്നു എന്റെ അപ്പൂപ്പന്‍. വേറൊരു ഡാമും കള്ളിക്കാടുണ്ടായിരുന്നു. കള്ളിക്കാട് രാമചന്ദ്രന്‍...
എന്റെ ധീരത എന്നു പറയുന്നത്, ഒരിക്കല്‍, അരുവിക്കര ഡാമില്‍ ഞാനും എന്റെ കൂട്ടുകാരും സ്‌കൂള്‍ കട്ട് ചെയ്ത് പോയി. ഞാന്‍ ഡാമില്‍ പെട്ടുപോയി. എനിക്കു നീന്താനറിയില്ലായിരുന്നു. ചങ്ങാതിമാര്‍ കരയില്‍ വന്നുനോക്കുമ്പോള്‍ ഒരാളെ കാണാനില്ല. ഒരു ഷര്‍ട്ടും മുണ്ടും കിടപ്പുണ്ട്. കൂട്ടുകാരില്‍ ഒരു വേലുക്കുട്ടിയുണ്ടായിരുന്നു. മുങ്ങി നിവരുന്ന എന്നെ ഒരുവിധം അവന്‍ കരയിലടുപ്പിച്ചു. വേലുക്കുട്ടി എന്നിലേക്ക് അവന്റെ പ്രാണന്‍ ഊതി. വയറിലെ വെള്ളം വായിലൂടെയൊഴുകി.
വേലുക്കുട്ടി നാടകനടനായിരുന്നു.

അപ്പൂപ്പനും അമ്മൂമ്മയും തമിഴ്പാട്ടും ഉളി കൊത്തുന്ന ശബ്ദവും.... അങ്ങനെയങ്ങനെ എന്റെ കുട്ടിക്കാലം കടന്നുപോയി. എന്റെ മനസ്സിലെ സ്വപ്നങ്ങളില്‍ ഇപ്പോഴും അപ്പൂപ്പന്റെ ഉളിയൊച്ച കേള്‍ക്കാം.

ചെറിയൊരു തമാശ പറയട്ടെ, ഞാനാദ്യമായി സ്‌കൂളില്‍ പോകുമ്പോള്‍ മുട്ടോളം പോന്ന ഒരു ഷര്‍ട്ടിട്ടാണ് പോയത്. ട്രൗസര്‍ ഇട്ടില്ലായിരുന്നു. ഷര്‍ട്ടിനകത്തെ 'കുഞ്ഞയ്യപ്പ'നെ നോക്കി, ക്ലാസ് ടീച്ചര്‍ ചിരിച്ചു. ചോണനുറുമ്പ് കേറാത്തത് ഭാഗ്യം!

പ്രണയം

പ്രണയത്തെക്കുറിച്ച് നീ ചോദിക്കുന്നു. അത് വളരെ ഡീപ് ആയ ഒരു ഇന്‍ഫ്‌ളുവന്‍സാണ്. അതുകൊണ്ട് ജീവിതവും കവിതയും കലാപവും ആത്മഹത്യയും സംഭവിക്കാം.
പ്രണയം എന്ന സംഭവം ഇന്നില്ല. പ്രണയത്തെക്കുറിച്ച് ഇന്ന് പറയുക എന്നത്, കൊടുംമഴയത്ത് വെയില്‍ കായുന്നതുപോലെയാണ്. പ്രണയത്തിന്റെ രുചി പകര്‍ന്നുതരുന്ന കവിതകള്‍ ഇന്നാരുമെഴുതുന്നില്ല. ഓമനേ... എന്നു പറഞ്ഞാല്‍ പ്രണയമാവില്ല. ഓമന ഒരു വഴിക്കങ്ങുപോകും. അല്‍സേഷ്യനുള്ള ഒരു വീട്ടില്‍ ഞാന്‍ പ്രണയിച്ചിട്ടുണ്ട്. ഞാന്‍ മതിലെടുത്തു ചാടിയിട്ടല്ലേ പോന്നത്. പട്ടി എന്നെ കൊണ്ടു പോയി ആ വീട്ടില്‍ വിട്ടു. മനുഷ്യനേക്കാള്‍ സ്‌നേഹവും അടുപ്പവും അറിവുമുണ്ട് ആ മൃഗത്തിന് എന്നാണ് ഞാന്‍ പറഞ്ഞതിന്റെ അര്‍ഥം.

കവിതയ്ക്കു വേണ്ടിയുള്ള പൊരുതല്‍

നമ്മുടെ കവികള്‍ ക്ലാസ്മുറിയില്‍വെച്ച് പഠിപ്പിക്കുന്നതൊന്ന്, എഴുതുന്നതൊന്ന്, ജീവിതം മറ്റൊന്ന്. മൈക്കിനു മുന്നില്‍ മാത്രം ആശയം വിളമ്പുന്നവരെ എനിക്കിഷ്ടമല്ല. അവരും മൈക്കും തമ്മിലെന്തു വ്യത്യാസം?

കവിതയ്ക്കു വേണ്ടി പൊരുതുക എന്ന സ്വഭാവം യുവകവികള്‍ക്കില്ല; അവര്‍ നിസ്സംഗരും നല്ലവരുമാണെങ്കില്‍ക്കൂടി. ഒരു കവിതയെഴുതുക എന്നത് എനിക്കു ജോലിക്കു കേറുമ്പോള്‍ ഒപ്പിടുന്നതുപോലെയാണ്. ഒരു കവിതയെങ്കിലുമെഴുതാതെ, അല്ലെങ്കില്‍ കവിതയെക്കുറിച്ചാലോചിക്കാതെ അന്നത്തെ ജീവിതത്തിലേക്കെനിക്കു പ്രവേശനമില്ല. ഒരു ദിവസം രണ്ടു വരിയെങ്കിലുമെഴുതുക.... അതു മതി. ഒരു കവിയുടെ ധര്‍മം എന്നു പറയുന്നത് അതാണ്. ഒരു സര്‍ക്കാരുദ്യോഗം ഞാന്‍ സ്വീകരിച്ചിട്ടില്ല. എനിക്കു വീട് വെച്ചുതരാം എന്ന സര്‍ക്കാരിന്റെ ഔദാര്യത്തിനു ഞാന്‍ വഴങ്ങിയിട്ടില്ല. സര്‍ക്കാര് വീട് വെച്ചുതന്നാല്‍ ആ വീട്ടില്‍ത്തന്നെ ഞാന്‍ തങ്ങേണ്ടിവരുമായിരുന്നു. ഞാന്‍ പല വീടുകളിലും തങ്ങിയിട്ടുണ്ട്. എന്റെ കൂട്ടുകാരുടെ വീടുകള്‍ എന്റെ വീടായി കാണാന്‍ ഞാന്‍ ആഗ്രഹിച്ചു. വീടില്ലാത്തവരോടൊപ്പമാണ് ഞാന്‍ മിക്കവാറും കിടന്നുറങ്ങിയിരുന്നത്. തെരുവില്‍ കിടന്നുറങ്ങിയും നിങ്ങള്‍ കവിതയെഴുതണം. അക്കാദമിക് ബുദ്ധിജീവികളായ എന്റെ ചങ്ങാതിമാര്‍ ലാസ്റ്റ് ബസ് വിട്ടാല്‍ ലോഡ്ജില്‍ തങ്ങും.

കുറേക്കാലം ഞാന്‍ സെബാസ്റ്റ്യന്റെ വീട്ടിലും അവന്റെ പച്ചക്കറിക്കടയ്ക്കു പിന്നിലെ ചാപ്പയിലുമായിരുന്നു. അതൊരു സ്വര്‍ഗമായിരുന്നു. മാര്‍ക്കറ്റിലുള്ള ചുമട്ടുതൊഴിലാളികളായിരുന്നു എന്റെ സ്‌നേഹിതര്‍. അവര്‍ ചായയും സ്‌നേഹവും അന്നവും തന്നു. എന്റെ കവിത കേള്‍ക്കാന്‍ അവര്‍ക്കിഷ്ടമായിരുന്നു. സെബാസ്റ്റ്യന്റെ അപ്പനും എന്നെ വലിയ സ്‌നേഹമായിരുന്നു. രാത്രിയിലെ കുടുംബപ്രാര്‍ഥനയില്‍ അപ്പനോടൊപ്പം ഞാനുമിരുന്നു. സെബാസ്റ്റ്യനും പി.എ. നാസിമുദ്ദീനും ക്ലാസ്സില്‍നിന്നും പുറത്തായവര്‍. ക്ലാസ്സില്‍ തോറ്റവര്‍ കവിതയില്‍ ജയിക്കുന്നു. അതാണ് ഞാന്‍ പറഞ്ഞത്, കവിതയ്ക്കു വേണ്ടി പൊരുതണം...

കവിതയില്‍ ഇടശ്ശേരിയും ഫിക്ഷനില്‍ ബഷീറും അങ്ങനെ പൊരുതിയവരായിരുന്നു. മലയാളത്തില്‍ ഏതെങ്കിലുമൊരു എഴുത്തുകാരനെ ജീവിച്ചുതീര്‍ത്ത ജീവിതത്തിന്റെ പേരില്‍ ഞാനിഷ്ടപ്പെടുന്നുണ്ടെങ്കില്‍ അത് ബഷീറിനെ മാത്രമാണ്... കവിയായിരിക്കാന്‍ മറ്റാരേക്കാളും യോഗ്യതയുണ്ട് സിവിക് ചന്ദ്രന്. ഒറ്റകവിതയുടെ പേരില്‍ ഒരാള്‍ കവിയാകുമെങ്കില്‍ മയില്‍പ്പീലി എഴുതിയ സിവിക് ചന്ദ്രന്‍ മലയാളത്തിലെ മികച്ച കവിയാണ്.

എന്തുകൊണ്ട് ഞാനിങ്ങനെ?

ഞാന്‍ കൃത്യമില്ലാത്ത ജീവിതം നയിക്കുന്നു എന്നു പറയാന്‍ നിങ്ങളാര്? ഞാനൊരു കമ്യൂണിസ്റ്റുകാരനാണ്. ബൂര്‍ഷ്വയായി ജീവിക്കേണ്ട ഒരാളാണ്. എനിക്കു വേണമെങ്കില്‍ ഒരു സ്വര്‍ണക്കട തുടങ്ങേണ്ട ആസ്തിയുണ്ടായിരുന്നു, പണ്ട്. നിങ്ങള്‍ എന്തുകൊണ്ട് ഇങ്ങനെ എഴുതുന്നു എന്നു ചോദിച്ചാല്‍, എന്റെ ഇഷ്ടംപോലെ ഞാനെഴുതുന്നു. ഇത്രയും ബിംബങ്ങള്‍ സൃഷ്ടിക്കുന്ന ഒരാളെ ഞാന്‍ കണ്ടിട്ടില്ല. കുഞ്ഞിരാമന്‍നായര്‍ക്കും കഴിഞ്ഞിട്ടില്ല എന്നാണ് തോന്നുന്നത്. സാധാരണക്കാര്‍ക്കിടയില്‍ ഈ വേഷം കെട്ടുന്നതുപോലും ഞാന്‍ കവിയായതുകൊണ്ടാണ്. എന്നെ കട്ടിട്ടേയുള്ളൂ, മറ്റു സാഹിത്യകാരന്മാര്‍. ഞാനാരെയും കട്ടിട്ടില്ല.

ഞാന്‍ ദിക്കുകള്‍ തെറ്റി നടന്നവന്‍; കവിതയിലേക്കെപ്പോഴും തിരിച്ചു വരുന്നവന്‍. സ്വന്തം അച്ചുതണ്ടില്‍ തിരിയുന്ന ഒരു കവി, മനുഷ്യന്‍, കാമുകന്‍. അസ്തമയങ്ങളില്‍ ഞാന്‍ എന്റെ കൂട്ടുകാരുടെ അരികില്‍ എപ്പോഴുമുണ്ടായിരിക്കാന്‍ ആഗ്രഹിക്കുന്നു. ഏത് ലോകത്തുനിന്നും ഒരു കാല്‍നടക്കാരനായി അവരിലേക്കു തിരിച്ചുവരാനും....

(കണ്ണീരിന്റെ കണക്കുപുസ്തകം എന്ന പുസ്തകത്തില്‍ നിന്ന്)

0 comments:

കമന്റുകള്‍ മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം key bord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ