28 ജൂൺ 2012

ലളിതാംബിക അന്തര്‍ജ്ജനത്തിലൂടെപെണ്ണെഴുതുമ്പോള്‍ അതിന്റെ ക്രെഡിറ്റ് ഭര്‍ത്താവിനാണോ? ലളിതാംബിക അന്തര്‍ജനത്തിന്റെ ജന്‍മശതാബ്ദി ആഘോഷം കേരള സാഹിത്യ അക്കാദമിയും കേന്ദ്ര സാഹിത്യ അക്കാദമിയും ചേര്‍ന്ന് കോട്ടയത്തുവെച്ചാണു നടത്തിയത്. ആദരണീയനായ കവി ഒ.എന്‍.വി. കുറുപ്പ് ആയിരുന്നു വൈകീട്ടത്തെ സമ്മേളനത്തില്‍ മുഖ്യപ്രഭാഷകന്‍. അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ എഴുത്തച്ഛന്റെ ജനനത്തെക്കുറിച്ചു പരാമര്‍ശമുണ്ടായി. വിദ്വാനായ ബ്രാഹ്മണനാണ് എഴുത്തച്ഛന്റെ പിതാവ് എന്ന കഥയെക്കുറിച്ച് ഒ.എന്‍.വി. ഇങ്ങനെ പറഞ്ഞു, 'ഒരു അവകാശം കിടക്കട്ടെ ബ്രാഹ്മണന് എന്നു വിചാരിച്ചിട്ടുണ്ടാകാം.' പ്രസംഗകര്‍ ആവര്‍ത്തിച്ചു പറഞ്ഞ മറ്റൊരു കാര്യമാണ് മനസ്സില്‍ തറച്ചത് - 'അന്തര്‍ജനത്തിന്റെ നേട്ടങ്ങള്‍ക്കു പിന്നിലുണ്ടായിരുന്ന പുരുഷനെ കാണാതിരുന്നുകൂടാ. അത് നാരായണന്‍ നമ്പൂതിരിയെന്ന വലിയ മനുഷ്യനാണ്. അക്കാലത്ത് ഭാര്യ എഴുത്തുകാരിയാകുന്നതും തന്നെക്കാള്‍ പേരെടുക്കുന്നതും അസൂയയില്ലാതെ നോക്കിക്കണ്ട അദ്ദേഹത്തിന് അവകാശപ്പെട്ടതാണ് അന്തര്‍ജനത്തിന്റെ മഹത്ത്വത്തില്‍ നല്ലപങ്കും.' ഈ വര്‍ഷംതന്നെ ജന്‍മശതാബ്ദി ആഘോഷിക്കുന്ന ബാലാമണിയമ്മയുടെ ഭര്‍ത്താവ് വി.എം. നായരെക്കുറിച്ചും പ്രസംഗങ്ങളില്‍ പരാമര്‍ശമുണ്ടായി- ഭാര്യയെ ആദരിച്ച, കവിതയെഴുതാന്‍ എല്ലാ സൗകര്യവും ഒരുക്കിക്കൊടുത്ത വി.എം.നായര്‍. മാധവിക്കുട്ടിയുടെ നിര്യാണത്തിനു തൊട്ടുപിന്‍പേ നടന്ന അനുസ്മരണസമ്മേളനത്തിലും ഇതേ വാക്യങ്ങള്‍ കേട്ടിരുന്നു- കമലയെ ആദരിക്കുമ്പോഴും വാഴ്ത്തുമ്പോഴും അവര്‍ക്കു പിന്നിലുണ്ടായിരുന്ന മാധവദാസ് എന്ന വലിയ മനുഷ്യനെ മറന്നുകൂടാ.

എന്റെ ദുഷ്ടബുദ്ധി ഉണരുന്നു. പ്രസംഗങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും പത്രറിപ്പോര്‍ട്ടുകളിലൂടെയും പ്രതിഭാശാലികളായ പുരുഷന്‍മാരെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ മനസ്സിലൂടെ ഓടിപ്പോകുന്നു. തകഴിയുടെ സംഭാവനകള്‍ക്കു പിന്നിലുള്ള കാത്തയെന്ന സ്ത്രീയെ കാണാതിരുന്നുകൂടാ എന്നോ, പി. കുഞ്ഞിരാമന്‍നായരുടെ കാവ്യസപര്യയ്ക്കു പിന്നിലുള്ള സ്ത്രീജീവിതങ്ങളെ അവഗണിച്ചുകൂടാ എന്നോ, എം.ടി. വാസുദേവന്‍നായരുടെ സാഹിത്യജീവിതം കലാമണ്ഡലം സരസ്വതിയില്ലായിരുന്നെങ്കില്‍ മറ്റൊന്നാകുമായിരുന്നു എന്നോ, ടി. പത്മനാഭന്റെ കഥകളുടെ മികവിന്റെ അവകാശം ഭാര്യയായ ഭാര്‍ഗവിയമ്മയ്ക്കാണെന്നോ പറഞ്ഞു കേള്‍ക്കാറുണ്ടോ? ഭര്‍ത്താവ് എഴുതാനിരിക്കുമ്പോഴും ആളുകള്‍ സന്ദര്‍ശിക്കുമ്പോഴും മുറുമുറുക്കുന്ന, സദാ കുറ്റപ്പെടുത്തുന്ന, കാലമാടനെന്നു തലയില്‍ കൈ വെച്ചു പ്രാകുന്നൊരു ഭാര്യയായിരുന്നു കാത്തച്ചേച്ചിയെങ്കില്‍ കാണാമായിരുന്നു തകഴിച്ചേട്ടന്‍ കയറും ഏണിപ്പടികളും എഴുതുന്നത്. സരോജനിഅമ്മ സിനിമക്കാരെയും നാടകക്കാരെയും സംശയിക്കുന്ന ഒരു ദുര്‍മുഖക്കാരിയായിരുന്നെങ്കില്‍ കാണാമായിരുന്നു ഒ.എന്‍.വി. കുറുപ്പ് മികച്ച ഗാനരചയിതാവിനുള്ള അവാര്‍ഡുകള്‍ ഡസനിലേറെ പ്രാവശ്യം വാങ്ങുന്നത്. പക്ഷേ, ഭാര്യമാരുടെ മാഹാത്മ്യം എവിടെയും രേഖപ്പെടുത്തപ്പെടാറില്ല. അഥവാ രേഖപ്പെടുത്തപ്പെട്ടാല്‍ അത് ഭര്‍ത്താക്കന്‍മാരുടെ മഹാമനസ്‌കതകൊണ്ടു മാത്രം.

യശഃശരീരനായ കെ.പി. അപ്പന്റെ എഴുത്തുരീതികളെക്കുറിച്ചു കേട്ടിട്ടുണ്ട്. എഴുതുമ്പോള്‍ ആ മുറിയുടെ വാതില്ക്കല്‍ വരെയേ ഓമനട്ടീച്ചര്‍ക്കു പ്രവേശനമുണ്ടായിരുന്നുള്ളൂവത്രേ. കാപ്പിയുമായി എഴുത്തുമേശയ്ക്കരികിലേക്കു ചെല്ലാതെ വാതില്ക്കല്‍ കാത്തുനില്ക്കാന്‍ സന്നദ്ധയായി ഒരു ഓമനട്ടീച്ചര്‍ ഇല്ലായിരുന്നെങ്കില്‍ മലയാളസാഹിത്യത്തിന് കിട്ടുന്നത് മറ്റൊരു അപ്പന്‍ സാറിനെയാകുമായിരുന്നില്ലേ? ഭാര്യയുടെ കുത്തുവാക്കുകള്‍ കാരണം കവിതയെഴുത്തു നിര്‍ത്തിയ കവികളുണ്ട്, ഈ നാട്ടില്‍. വായിക്കാന്‍ സമയം കിട്ടാത്ത പുരുഷന്‍മാര്‍. എഴുതാനിരിക്കുമ്പോള്‍ ഹൗസിങ് ലോണും റിഡക്ഷന്‍ സെയിലും ഓര്‍മിപ്പിച്ച് അലട്ടുന്ന ഭാര്യമാരുള്ളവര്‍. സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയിട്ടും ഭാര്യ മുഖം വീര്‍പ്പിച്ചതിന്റെ പേരില്‍ പോകാന്‍ കഴിയാത്ത നടന്‍മാര്‍. ഭാര്യയ്ക്കും ഭാര്യവീട്ടുകാര്‍ക്കും ഇഷ്ടമില്ലാത്തതുകൊണ്ട് സിനിമ വേണ്ടെന്നുവെച്ച സ്‌നേഹധനന്‍മാരായ സംവിധായകന്‍മാര്‍. അന്തരിച്ച മഹാനടന്‍ ഭരത് ഗോപിയുമായുള്ള സംഭാഷണത്തിലെ ഒരു ചോദ്യം ഓര്‍മ വരുന്നു. ജയലക്ഷ്മിയല്ലായിരുന്നു ഗോപിയുടെ ജീവിതപങ്കാളിയെങ്കില്‍? ഗോപിയുടെ മറുപടി: 'ആരായിരുന്നാലും ജയയായിരുന്നിരിക്കും. ജയയായാലേ എന്റെ പങ്കാളിയാകൂ.'

പാചകം മുഴുവന്‍, ഉദ്യോഗസ്ഥയായ ഭാര്യ തനിയെ ചെയ്യണമെന്ന ഭര്‍ത്താവിന്റെ ശാഠ്യം സാധിക്കാന്‍ വേണ്ടി എഴുത്തുപേക്ഷിച്ച ഒരുവളെ എനിക്കറിയാം. എഴുതുന്നതിലൊക്കെ ഭൂതക്കണ്ണാടി വെച്ചു നോക്കി പരപുരുഷസാന്നിധ്യത്തിനുവേണ്ടി തിരച്ചില്‍ നടത്തുന്ന ഭര്‍ത്താക്കന്‍മാര്‍ക്കു സമാധാനം നല്കാന്‍ എഴുത്തു നിര്‍ത്തിയവരെയും അറിയാം. ഇരുന്നെഴുതാന്‍ സ്വസ്ഥമായ ഒരിടമില്ലാത്തതിനാല്‍ എഴുതാത്ത സ്ത്രീകള്‍, സ്ത്രീയായതുകൊണ്ട് എങ്ങനെ കഥ അയയ്ക്കണം, ആര്‍ക്ക് അയയ്ക്കണം എന്നൊന്നും അറിയാത്തതുകൊണ്ട് എഴുതാത്തവര്‍, കഥ അയയ്ക്കാന്‍ പോസ്റ്റേജ് സ്റ്റാംപ് വാങ്ങാന്‍ പൈസയില്ലാത്തവര്‍. മറ്റൊരാള്‍ വളരാന്‍ സമ്മതിക്കാത്തവരൊന്നും നല്ല മനുഷ്യരല്ല എന്ന അടിസ്ഥാന പാഠം ഇവരുടെ ജീവിതപങ്കാളികളെ ആരെങ്കിലും പഠിപ്പിച്ചിരുന്നെങ്കില്‍!

മുപ്പത്തിനാലുകാരനായ ലിയോ ടോള്‍സ്റ്റോയിയെ വിവാഹം കഴിക്കുമ്പോള്‍ സോഫിയ ടോള്‍സ്റ്റോയിക്ക് പതിനെട്ടു വയസ്സേയുണ്ടായിരുന്നുള്ളൂ. വിവാഹത്തലേന്നു ടോള്‍സ്റ്റോയ് സോഫിയയ്ക്കു നല്കിയ സമ്മാനം തന്റെ ഭൂതകാലം രേഖപ്പെടുത്തിയ ഡയറികളായിരുന്നു. മറ്റൊരു സ്ത്രീയില്‍ തനിക്കൊരു മകന്‍ ജനിച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍. എന്നിട്ടും വിവാഹജീവിതം തുടക്കത്തില്‍ സുന്ദരമായിരുന്നു. ലോകക്ലാസിക്കുകളായ വാര്‍ ആന്‍ഡ് പീസും അന്ന കരേനിനയും എഴുതപ്പെടുമ്പോള്‍ അദ്ദേഹത്തിന് ഒരു സെക്രട്ടറിയും സുഹൃത്തുമായി സോഫിയ ഒപ്പം നിന്നു. അവര്‍ക്ക് പതിമൂന്നു കുട്ടികളുണ്ടായി. അഞ്ചു പേര്‍ മരിച്ചു. ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന സോഫിയയുടെ ആവശ്യം ടോള്‍സ്റ്റോയ് നിഷേധിച്ചു. കാലക്രമേണ സാഹിത്യചരിത്രത്തിലെ ഏറ്റവും അസന്തുഷ്ടമായ ദാമ്പത്യമായി അതു പരിണമിച്ചു. ഒടുവില്‍ എണ്‍പത്തിയൊന്നാംവയസ്സില്‍ തന്റെ സ്വത്തെല്ലാം ദാനം ചെയ്യാന്‍ ടോള്‍സ്റ്റോയ് തീരുമാനിച്ചതോടെ സോഫിയയുടെ നിയന്ത്രണം വിട്ടു. ടോള്‍സ്റ്റോയ് അവധൂതനായി യാത്ര പുറപ്പെട്ടതാണെന്നും അതല്ല സോഫിയ അടിച്ചു പുറത്താക്കിയതാണെന്നും രണ്ടു കഥകള്‍ കേട്ടിട്ടുണ്ട്. ഏതായാലും പത്തു ദിവസത്തിനുശേഷം ഒരു റെയില്‍വേ സ്റ്റേഷനില്‍ എണ്‍പത്തൊന്നുകാരനായ ടോള്‍സ്റ്റോയ് അവശനായി കാണപ്പെട്ടു.വൈകാതെ മരിച്ചു.

സോഫിയ ഒരു വഴക്കാളി മൂധേവി ഭാര്യയൊന്നുമായിരുന്നില്ല. ടോള്‍സ്റ്റോയിയുടെ ഹൃദയം കവരാനുള്ള ബുദ്ധിശക്തിയൊക്കെ അവര്‍ക്കുണ്ടായിരുന്നു. അവര്‍ അദ്ദേഹത്തിന്റെ സെക്രട്ടറിയും മാനേജരുമായിരുന്നു. ഫോട്ടോഗ്രഫിയുടെ തുടക്കകാലത്ത് അതു പഠിക്കാനും തന്റെയും ടോള്‍സ്റ്റോയിയുടെയും ജീവിതം ചിത്രങ്ങളിലൂടെ രേഖപ്പെടുത്താനും അവര്‍ക്കു കഴിഞ്ഞു. സോഫിയയുടെ മരണത്തിനു വളരെക്കാലത്തിനുശേഷം പ്രസിദ്ധീകരിക്കപ്പെട്ട ഡയറികള്‍ അവരുടെ രചനാപാടവത്തിനും ബുദ്ധിശക്തിക്കും നിദര്‍ശനങ്ങളാണ്. ഡയറികളില്‍ ടോള്‍സ്റ്റോയിയെക്കുറിച്ച് അവര്‍ എഴുതി: മാനവരാശിയെ മൊത്തമായി സന്തോഷിപ്പിക്കാന്‍വേണ്ടി ആ മനുഷ്യന്‍ നടത്തിയ ശ്രമങ്ങളൊക്കെ എന്റെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കി. അദ്ദേഹം സസ്യഭക്ഷണം സ്വീകരിച്ചപ്പോള്‍ വീട്ടില്‍ രണ്ടുതരം ഭക്ഷണമുണ്ടാക്കേണ്ടിവന്നു. അതായത് ഇരട്ടി ചെലവും ഇരട്ടി ജോലിയും. സ്‌നേഹത്തെയും സമാധാനത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ സ്വന്തം കുടുംബത്തോട് അകല്‍ച്ചയും ഞങ്ങളുടെ കുടുംബജീവിതത്തില്‍ എല്ലാത്തരം ഇടങ്കോലുകളും സൃഷ്ടിക്കുകയും ചെയ്തു. പിന്നെ അദ്ദേഹത്തിന്റെ ലൗകികസുഖഭോഗത്യാഗം (വാക്കുകളില്‍ മാത്രമായിരുന്നെങ്കിലും ) കാരണം മറ്റുള്ളവരുടെ ജീവിതം ദുഷ്‌കരമായി...

ലോകം കണ്ട ഏറ്റവും മഹാനായ എഴുത്തുകാരന്‍ എന്ന് ടോള്‍സ്റ്റോയിയെക്കുറിച്ച് പറഞ്ഞത് മഹാത്മാഗാന്ധിയാണ്. കുടുംബജീവിതത്തിന്റെ കാര്യത്തില്‍ ടോള്‍സ്റ്റോയിയെപ്പോലെ പരാജയമായിരുന്നു ഗാന്ധിജിയെന്ന് ഓര്‍ക്കുമ്പോള്‍ ആകെ കണ്‍ഫ്യൂഷന്‍. സര്‍ഗജീവിതത്തിന്റെയും കുടുംബജീവിതത്തിന്റെയും സന്തോഷകരമായ സമന്വയത്തിന്റെ മഹാരഹസ്യം എന്താണാവോ?
എന്തായിരുന്നാലും, ആണാകട്ടെ, പെണ്ണാകട്ടെ, കുട്ടിയാകട്ടെ, വൃദ്ധനാകട്ടെ, കലാകാരനാകട്ടെ, ശാസ്ത്രജ്ഞനാകട്ടെ, കൃഷിക്കാരനാകട്ടെ, ഏത് കര്‍മത്തിന്റെയും പരിപൂര്‍ണതയ്ക്കു പിന്നില്‍ സഹജീവികളുടെ സ്വാധീനമുണ്ടെന്നു മാത്രം വ്യക്തമാണ്. സ്‌നേഹിക്കാനും പ്രോത്സാഹിപ്പിക്കാനും നേട്ടങ്ങളില്‍ ആനന്ദിക്കാനും അതു പങ്കിടാനും ഒരാള്‍. വിജയിച്ച ഓരോ പുരുഷപ്രതിഭയ്ക്കു പിന്നിലും ഏതെങ്കിലുമൊരു സ്ത്രീയുണ്ടാകും. വിജയിച്ച ഏതു വനിതാപ്രതിഭയ്ക്കു പിന്നിലും ഒരു പുരുഷനുണ്ടാകും. അന്തര്‍ജനത്തിന്റെ കാര്യത്തിലാണെങ്കില്‍ മകളെ വീട്ടിലിരുത്തി മലയാളവും സംസ്‌കൃതവും ഇംഗ്ലീഷും പഠിപ്പിക്കാന്‍ മുന്‍കൈയെടുത്ത പിതാവ് കോട്ടവട്ടത്ത് ഇല്ലത്തെ കെ. ദാമോദരന്‍ പോറ്റിക്കുമുണ്ട്, എഴുത്തിന്റെ മഹത്ത്വത്തില്‍ ഒരവകാശം. അതിലേറെ അവകാശം, ഭാഷാപോഷിണി, ലക്ഷ്മീഭായി, രസികരഞ്ജിനി, ആത്മപോഷിണി തുടങ്ങിയ ആദ്യകാലത്തെ സകല പത്രമാസികകളും ഫയല്‍ ചെയ്തു സൂക്ഷിച്ചു മകള്‍ക്കു വായിക്കാന്‍ നല്കിയ അമ്മ നങ്ങയ്യ അന്തര്‍ജനത്തിനല്ലേ എന്ന് എന്റെ ദുഷ്ടബുദ്ധി അസ്വസ്ഥമാകുന്നു. പരസ്​പരം പ്രോത്സാഹിപ്പിക്കേണ്ടതും വളരാന്‍ സഹായിക്കേണ്ടതും ജീവിതപങ്കാളികളുടെ കടമയാണ്, മഹാമനസ്‌കതയല്ല എന്ന് ഇനിയെന്നാണു കേരളീയസമൂഹം പഠിക്കുക? എഴുത്തച്ഛന്റെ പിതൃത്വത്തെക്കുറിച്ചുള്ള കഥപോലെയാണ് ഇതും. എഴുത്തുകാരി എത്ര വലുതായാലും, എത്ര പ്രതിഭാശാലിയായാലും- കിടക്കട്ടെ, ഒരവകാശം ഭര്‍ത്താവിനും!

അന്തകാലത്ത് ഒരു ബീജത്തിന്റെ യാത്രയെക്കുറിച്ച് കഥയെഴുതാന്‍ ധൈര്യപ്പെട്ട നമ്പൂതിരിസ്ത്രീയാണ് ലളിതാംബിക അന്തര്‍ജനം. 'ഓര്‍മയുടെ അപ്പുറത്ത്' എന്ന കഥ. അതു പുരുഷബീജത്തിന്റെ യാത്രയാണ്. പൂര്‍ണമനുഷ്യനാകാന്‍വേണ്ടി മാത്രമാണെന്റെ തീര്‍ഥാടനമെന്ന് വിളിച്ചു പറയുന്ന പുരുഷബീജം പക്ഷേ, എന്റെ രണ്ടാംവായനയില്‍ സ്ത്രീയുടെ സര്‍ഗചേതനയുടെ ബീജമാകുന്നു. അന്തര്‍ജനം പറയുന്നത് അണ്ഡത്തോടു സംഗമിക്കാന്‍ വെമ്പുന്ന ബീജത്തെക്കുറിച്ചല്ല, മറിച്ച് സ്ത്രീയുടെ ഉള്ളില്‍ മുളപൊട്ടുന്ന സര്‍ഗചോദനയെക്കുറിച്ചാണ്.

അഗ്നിയേക്കാള്‍ ചൂടേറിയതും മഞ്ഞിനൊപ്പം കുളിര്‍ത്തതും വായുവേക്കാള്‍ ചലനാത്മകവുമായ ആ തരംഗപരമ്പരയില്‍പ്പെട്ട് ഒഴുകിക്കൊണ്ടിരുന്നപ്പോള്‍ അഭൂതപൂര്‍വമായൊരാഹ്ലാദം അവനിലനുഭവപ്പെട്ടു. അതേസമയം സംഭ്രമവും. ചൂളയിലുരുകുന്ന ലോഹം മൂശയിലേക്കു പകരുമ്പോഴെന്നപോലെ. ഹോ, എന്തൊരു നിരന്തരമായ സമ്മര്‍ദവേഗമാണിത്. എന്തൊരാവേശകരമായ പ്രവാഹസംയോഗം! വിശ്വമഹാശക്തികളുടെ ഈ ഒന്നുചേരല്‍ ലക്ഷ്യത്തിലേക്കുള്ള തന്റെ മാര്‍ഗം സുഗമമാക്കാനാണോ? അതോ നിഷ്ഫലമാക്കുവാനോ? ആരുടെയോ എന്തിന്റെയോ സഹായംകൂടി തനിക്കാവശ്യമുണ്ടെന്നു തോന്നി. അനന്തയില്‍നിന്നുതന്നെ ആവാഹിച്ചെടുത്തതും അനന്തതയിലേക്കാകര്‍ഷിക്കുന്നതുമായ ഏതോ ഒരു ശക്തിയുടെ കൈത്താങ്ങല്‍. അവസാനനിമിഷത്തില്‍ അതു തന്നെ വിട്ടുകളയുമോ? ബോധസീമകളെയാകെയുണര്‍ത്തിക്കൊണ്ട് അബോധപൂര്‍വമായി താന്‍ അലറുന്നു - 'എന്നെ സ്വീകരിക്കൂ... എനിക്കു ഞാനാവണം... ഞാന്‍ മാത്രമായ ഞാന്‍...

-ഇതുതന്നെയല്ലേ, രചനയുടെ വേളയില്‍ ഓരോ ആത്മാവും അലറുന്നത്? അക്കാലത്ത് ഇങ്ങനെയൊരു കഥയെഴുതാന്‍ എന്തൊരു ധൈര്യം! അന്തര്‍ജനത്തിന്റെ ഭര്‍ത്താവ് നാരായണന്‍നമ്പൂതിരി മഹാമനസ്‌കനായതുകൊണ്ടല്ല, അദ്ദേഹത്തെക്കാള്‍ ഉറച്ച കാഴ്ചപ്പാടുകളും സ്വഭാവദാര്‍ഢ്യവും അന്തര്‍ജനത്തിനുണ്ടായിരുന്നതുകൊണ്ടാണ്, സമൂഹത്തിന്റെ കീഴ്‌വഴക്കങ്ങള്‍ മുഴുവന്‍ പിന്നാക്കം വലിക്കുമ്പോഴും തന്റെ ഭാര്യയാണു ശരിയെന്നു തീരുമാനിക്കാന്‍ കഴിയുംവിധം അദ്ദേഹത്തെ സ്വാധീനിക്കാന്‍ അന്തര്‍ജനത്തിനു കഴിഞ്ഞത്. അന്തര്‍ജനവും ബാലാമണിയമ്മയുമൊക്കെ സ്‌നേഹംകൊണ്ടോ ആദരവുകൊണ്ടോ ആര്‍ജവംകൊണ്ടോ വിധേയത്വംകൊണ്ടോ ഒപ്പം ജീവിച്ചവരെ തങ്ങളുടെ കര്‍മത്തില്‍ പങ്കാളികളായി മെനഞ്ഞെടുത്തു എന്നതല്ലേ ശരി? തങ്ങള്‍ക്കു വേണ്ടവിധം ജീവിതപങ്കാളിയെ വാര്‍ത്തെടുത്തവരാണ് കലയിലും കുടുംബത്തിലും ഒരുപോലെ വിജയിച്ച പുരുഷന്‍മാരും. പക്ഷേ, സ്ത്രീകള്‍ സാമൂഹികവും വ്യക്തിപരവുമായ സമ്മര്‍ദങ്ങളുടെ പേരില്‍ സ്വമേധയാ അത്തരം ഉടച്ചുവാര്‍ക്കപ്പെടലുകള്‍ക്ക് പുരുഷന്‍മാരെക്കാള്‍ അനായാസേന വിധേയരാകുന്നു. ജീവിതപങ്കാളി ഏതു സ്ത്രീയായിരുന്നാലും അവരെ ജയയാക്കിത്തീര്‍ക്കാന്‍ ഭരത് ഗോപിക്കു വേണ്ടിവന്ന പ്രയത്‌നത്തിന്റെ നൂറിരട്ടിയാണ് ദാമ്പത്യത്തിന്റെ പൊള്ളിയടര്‍ന്ന വ്രണങ്ങളെക്കുറിച്ചെഴുതുമ്പോഴും ഭര്‍ത്താവിനെ 'കമലയ്ക്കു തണുക്കും' എന്നോര്‍മിപ്പിച്ചു കമ്പിളിഷാളുമായി പിന്നാലെ ചെല്ലുന്ന ദാസേട്ടനാക്കിത്തീര്‍ത്ത മാധവിക്കുട്ടിയുടേത്. ഭര്‍ത്താവ് ആരായിരുന്നെങ്കിലും ആ പുരുഷനെ തന്റെ ദാസേട്ടന്‍ തന്നെയാക്കിത്തീര്‍ക്കാന്‍ മാത്രം ശക്തവും അന്യാദൃശവുമായ വൃക്തിത്വം മാധവിക്കുട്ടിക്കുണ്ടായിരുന്നതുകൊണ്ടാണ് ദാസേട്ടന്‍ നാമറിയുന്ന ദാസേട്ടനായത് എന്നും ഞാന്‍ വിശ്വസിക്കുന്നു.

അതേസമയം, കുടുംബത്തിനുള്ളില്‍ വിപ്ലവം നടത്താനും സമൂഹത്തിന്റെ അംഗീകാരം നേടാനും ചെലവിട്ട ഊര്‍ജം കൂടി ലാഭിച്ചിരുന്നെങ്കില്‍ അന്തര്‍ജനവും മാധവിക്കുട്ടിയുമൊക്കെ എത്രയോ മികച്ച വാര്‍ ആന്‍ഡ് പീസുകള്‍ രചിക്കുമായിരുന്നില്ല!
(മഴയില്‍ പറക്കുന്ന പക്ഷികള്‍ എന്ന പുസ്തകത്തില്‍ നിന്ന്)

0 comments:

കമന്റുകള്‍ മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം key bord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ