28 ജൂൺ 2012

ആധുനികതയുടെ അപ്പോസ്തലന്‍മലയാളത്തിലെ ആധുനികതാവാദത്തിന്റെ അപ്പോസ്തലനായിരുന്നു കാക്കനാടന്‍. ഇരുപതാം നൂറ്റാണ്ടിലെ മലയാളസാഹിത്യത്തില്‍ ഏറ്റവും വലിയ വിക്ഷോഭം സൃഷ്ടിച്ച സാഹിത്യചലനമായിരുന്നു ആധുനികതാവാദം .1930കള്‍ മുതല്‍ സോദ്ദേശ്യമായ സാമൂഹികപരിവര്‍ത്തനത്തിന് ഉതകുന്ന, സാധാരണക്കാര്‍ക്ക് ഇണങ്ങിയ രചനകളായിരിക്കണം കഥയും നോവലും കവിതയും എന്നൊക്കെയുള്ള ധാരണ പ്രബലമായിരുന്നു. അത് മെല്ലെ ദുര്‍ബലമായിക്കൊണ്ടിരുന്ന 1960കളുടെ തുടക്കത്തോടെയാണ് മലയാളത്തില്‍ ആധുനികതാവാദം ആവിര്‍ഭവിക്കുന്നത്. കവിതയില്‍ മാധവന്‍ അയ്യപ്പത്തും അയ്യപ്പപ്പണിക്കരും എന്‍.എന്‍.കക്കാടും മുന്‍നിന്ന് അവതരിപ്പിച്ച ഈ ഭാവുകത്വസംക്രമണം ചെറുകഥയിലും സജീവമായി. മാധവിക്കുട്ടിയും കാക്കനാടനും എം.പി.നാരായണപിള്ളയുമായിരുന്നു 1960-കളുടെ ആരംഭത്തില്‍ ഈ നവഭാവുകത്വം തങ്ങളുടെ കഥകളിലൂടെ ആവിഷ്‌കരിച്ചുതുടങ്ങിയത്.

ആയിടെ മാതൃഭൂമിയുടെ ഓണപ്പതിപ്പില്‍ ആദ്യത്തെ ചെറുകഥയായി പ്രസിദ്ധപ്പെടുത്തിയ 'കാലപ്പഴക്കം' എന്ന രചനയിലൂടെ ഒരു കൊള്ളിമീന്‍പോലെ കാക്കനാടനെന്ന എഴുത്തുകാരന്‍ ജ്വലിച്ചുയരുകയായിരുന്നു. ജീവിതത്തിന്റെ അന്ത്യമുഹൂര്‍ത്തത്തിനു തൊട്ടുമുമ്പ് നിന്നുകൊണ്ട് കടന്നുപോന്ന അനുഭവങ്ങളെ സവിശേഷമായ ഒരു മനോഭാവത്തോടെ അയവിറക്കുന്ന വൃദ്ധന്റെ മാനസികഭാവങ്ങളെ സൂക്ഷ്മവും ശക്തവുമായി ആവിഷ്‌കരിച്ച ചെറുകഥയായിരുന്നു അത്. അതിനുമുമ്പും ചില ചെറുകഥകള്‍ പുറത്തുവന്നിരുന്നെങ്കിലും മലയാളസാഹിത്യത്തിന്റെ മുഖ്യധാരയില്‍ കാക്കനാടന്‍ അടയാളപ്പെട്ടത് 'കാലപ്പഴക്ക'ത്തോടെയാണ്. 'കാലപ്പഴക്കം' ഇന്നും കാലപ്പഴക്കം ബാധിക്കാത്ത രചനയായി മലയാളചെറുകഥയില്‍ നിലനില്‍ക്കുന്നു.

ഗ്രാമീണാനുഭവത്തിന്റെ ശാലീനവും ഭാവാത്മകവുമായ ആവിഷ്‌കാരത്തിലൂടെ സംവേദനം നടത്തിക്കൊണ്ടിരുന്ന രചനകളായിരുന്നു അക്കാലത്ത് മലയാള കഥാ-നോവല്‍ സാഹിത്യത്തില്‍ ഏറെയും ഉണ്ടായിക്കൊണ്ടിരുന്നത്. അതില്‍നിന്ന് ഭിന്നമായി വിക്ഷുബ്ധമായ നാഗരികാനുഭവങ്ങളുടെ പെരുംചുഴികളെ മറയില്ലാതെ ആവിഷ്‌കരിക്കുന്ന കഥകള്‍കൊണ്ട് ഒരുവലിയ മാറ്റം സൃഷ്ടിക്കുകയായിരുന്നു കാക്കനാടന്‍. പുതിയ ഭാവം, പുതിയ ഭാഷ, പുതിയ ജീവിതപശ്ചാത്തലം ഇവയിലൂടെ ചെറുകഥാസാഹിത്യത്തിന് പ്രകോപനപരമായ പുതിയ അവതാരങ്ങള്‍ നല്‍കി അദ്ദേഹം.

<<ഇ00202ബ337745.ഷുഴ>>

'മസ്‌ക്രീനാസിന്റെ മരണ'വും 'യൂസഫ് സരായിയിലെ ചരസ് വ്യാപാരി'യും 'ഫ്രൗ ഷൂബര്‍ട്ടും' ഒക്കെ ഇത്തരം പ്രകോപനപരമായ രചനകളായിരുന്നു.

മറ്റൊരുതലത്തില്‍ ദ്രാവിഡീയമായ കരുത്തും ഭാഷാക്രമങ്ങളും ഒരളവോളം ആവാഹിച്ചുകൊണ്ട് ആധുനികതയുടെ വീക്ഷണത്തിന് ഗ്രാമീണമായ ജീവിതത്തെ സാന്ദ്രീകരിക്കുന്ന കഥാശില്പങ്ങളും കാക്കനാടന്‍ സൃഷ്ടിച്ചു. മന്ത്രവാദവും യക്ഷിക്കഥകളും മറ്റ് പലതരം അന്ധവിശ്വാസങ്ങളുമൊക്കെ കടന്നുവരുന്ന അത്തരം രചനകളിലൂടെ നമ്മുടെ ഗ്രാമീണജീവിതത്തിന്റെ ആഴത്തിലുള്ള ഭാവമുദ്രകള്‍ കാക്കനാടന്‍ ഒപ്പിയെടുത്തു.

എഴുപതുകളില്‍ ഭാഷാലീലയുടെ വലിയ സാധ്യതകളുടെ കടലിലേക്ക് ഇറങ്ങിയ കഥാകൃത്തായിത്തീര്‍ന്നു കാക്കനാടന്‍. 'ശ്രീചക്ര'വും 'നീലഗ്രഹണ'വും മറ്റും അതിന്റെ ഭാഷാപരമായ അനന്യതയ്ക്കപ്പുറം, ഭാരതീയമായ ആധ്യാത്മികാനുഷ്ഠാനങ്ങളുടെ ഒരുതലത്തെക്കൂടി കഥാവത്കരിക്കാന്‍ ശ്രമിച്ചു. പല ചെറുകഥകളും മിത്തുകളുടെ ഗാഢതയുള്ള രചനാശില്പങ്ങളായി.

ചെറുകഥയില്‍ കണ്ടതില്‍നിന്ന് കൂടുതല്‍ മൂര്‍ത്തവും വ്യക്തവുമായ നിലയില്‍ നോവലില്‍ ആധുനികതയുടെ വീക്ഷണവും രൂപസവിശേഷതകളും സാക്ഷാത്കരിക്കാന്‍ കാക്കനാടനു കഴിഞ്ഞു. ഒരുപക്ഷേ, ആധുനികതയുടെ പ്രിയപ്പെട്ട ദാര്‍ശനികപരിപ്രേക്ഷ്യമായ അസ്തിത്വവാദത്തിന്റെ മലയാളനോവലിലെ ആദ്യത്തെ ആവിഷ്‌കാരം കാക്കനാടന്റെ 'സാക്ഷി'യാവണം. പിതാവിന്റെ മരണത്തെ ഐറണിയോടെ കാണുന്ന നിസ്സംഗനായ ആധുനികനായകന്റെ മൂര്‍ത്തീകരണമാണ് 'സാക്ഷി'യിലെ നാരായണന്‍കുട്ടി. മരണം ഉറപ്പാക്കുന്ന വസൂരിയുടെ സാന്നിധ്യത്തില്‍ എന്തും അനുവദനീയമാകുന്ന ജീവിതാവസ്ഥയെയും മനുഷ്യബന്ധങ്ങളെയും ആവിഷ്‌കരിക്കുന്ന 'വസൂരി'യും ഇടതുപക്ഷപ്രസ്ഥാനത്തിന്റെ അപചയത്തെ വിമര്‍ശനത്തോടും നിഷേധത്തോടും കാണുന്ന 'ഉഷ്ണമേഖല'യും രതിയുടെ വന്യഭാവങ്ങളെ അവതരിപ്പിക്കുന്ന 'പറങ്കിമല'യും ജീവിതമെന്ന അജ്ഞേയസമസ്യയെ ഒരു മിത്തിന്റെ ഭാവഭദ്രതയോടെ അവതരിപ്പിക്കുന്ന 'അജ്ഞതയുടെ താഴ്‌വര'യുമൊക്കെ ഈ ദാര്‍ശനിക പരിപ്രേക്ഷ്യത്തെ ഏറിയോ കുറഞ്ഞോ ആവിഷ്‌കരിക്കുന്നു.

കാക്കനാടന്റെ രചനകള്‍, അവ പുറത്തുവന്ന കാലത്ത് കേരളത്തിന്റെ സാഹിത്യാന്തരീക്ഷത്തില്‍ സൃഷ്ടിച്ച കലാപം ഇന്ന് സങ്കല്പിക്കാന്‍ കഴിയുന്നതില്‍നിന്ന് എത്രയോ വിപുലമായിരുന്നു. കേശവദേവിനെപ്പോലെയുള്ള, നവോത്ഥാനകാലത്തിന്റെ പ്രതിനിധികളായ സാമൂഹികതാപക്ഷക്കാരായ മുതിര്‍ന്ന എഴുത്തുകാരുമായി നേര്‍ക്കുനേരെ പോരടിച്ച് താനുള്‍പ്പെടുന്ന ആധുനികതാവാദികളായ എഴുത്തുകാര്‍ക്ക് നില്‍ക്കാനൊരു തന്‍തറ കൂടി സൃഷ്ടിച്ച എഴുത്തുകാരനായിരുന്നു കാക്കനാടന്‍.

എഴുപതുകളുടെ തുടക്കത്തില്‍ കൗമാരത്തിലേക്കു കടന്ന എന്റെ തലമുറയിലെ വായനക്കാര്‍ എത്രമാത്രം ആരാധനയോടും ആഭിമുഖ്യത്തോടുമാണ് കാക്കനാടന്‍ എന്ന എഴുത്തുകാരന്റെ ഓരോ വാക്കും സ്വീകരിച്ചിരുന്നതെന്ന് ഇന്നോര്‍ക്കുന്നത് കൗതുകകരമാണ്. വിക്ഷോഭകരമായ നിലയിലുള്ള ജീവിതസമീപനവും സദാചാരനാട്യങ്ങളോടുള്ള വെല്ലുവിളിയും രതി ആവിഷ്‌കരിക്കുന്നതിലെ ധീരതയും അസ്തിത്വത്തിന്റെ തീക്ഷ്ണവ്യഥകള്‍ ചിത്രീകരിച്ചതിലെ വിശ്വാസദാര്‍ഢ്യവും ഭാഷയിലും രൂപക്രമത്തിലും വരുത്തിയ വിസ്മയകരമായ പുതുമകളും ഒക്കെക്കൂടി ചേര്‍ന്നാണ് ആ ആരാധ്യത കാക്കനാടന്റെ രചനകള്‍ക്കുണ്ടായത്.

ഒരുകാലത്തെ മുഴുവന്‍ പ്രകമ്പനം കൊള്ളിച്ച ആ വാക്കുകള്‍ ഉതിര്‍ന്ന തൂലിക നിശ്ശബ്ദമാകുമ്പോള്‍, വലിയ നഷ്ടബോധവും ഗൃഹാതുരത്വവും ഉള്ളില്‍ നിറയുന്നു.

കാക്കനാടന്‍ ഓര്‍മ്മപ്പേജ്

0 comments:

കമന്റുകള്‍ മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം key bord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ