16 നവംബർ 2011

കുഞ്ഞുങ്ങളെ വളരാന്‍ അനുവദിക്കുക-എം.എന്‍. വിജയന്‍


കുഞ്ഞുങ്ങളെ വളരാനനുവദിക്കാത്ത ഒരു മുതിര്‍ന്ന തലമുറയാണിവിടുള്ളത്. കുട്ടികളോട് ഒരിക്കലും പ്രസംഗിക്കരുത്, അത് പാപമാണെന്ന് പറഞ്ഞത് 'രബീന്ദ്രനാഥ ടാഗോറാ'ണ്. കുട്ടികളെ സ്‌നേഹിച്ചിരുന്ന പല ആളുകളില്‍ ഒരു നല്ല ഇന്ത്യക്കാരനായിരുന്നു ടാഗോര്‍. അതുകൊണ്ടാണ് മുതിര്‍ന്നവര്‍ ചെയ്യുന്ന ഈ പാപത്തെപ്പറ്റി അദ്ദേഹം പറഞ്ഞത്. ഒരുപാട് പാപങ്ങള്‍ മുതിര്‍ന്നവര്‍ ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് അവര്‍ വാസ്തവത്തില്‍ മാന്യന്മാരായിരിക്കുന്നത്. അത്തരത്തിലുള്ള ഏറ്റവും പ്രധാനപ്പെട്ട പാപം, കുട്ടികളെ പ്രസംഗിച്ചു തോല്‍പ്പിക്കുക എന്നതാണ്. സ്വയം വളര്‍ന്ന ഒരു ചെടിയെ തടസ്സപ്പെടുത്തുന്നതുപോലെയാണ് കുട്ടികളെ ഉപദേശിച്ചു നശിപ്പിക്കുക എന്നുള്ളത്. എങ്കിലും അങ്ങനെ ചെയ്താലേ മുതിര്‍ന്നവര്‍ക്കു സമാധാനമാവൂ. അതുകൊണ്ടാണ് ഏത് നിരത്തില്‍ കൂടി പോകുമ്പോഴും നാം കുട്ടിയുടെ വിരല്‍ കയറിപ്പിടിക്കുന്നത്. കാരണം, അവനിഷ്ടപ്പെട്ടയിടത്തേക്ക് പോകാന്‍ പാടില്ല. നമുക്ക് ഇഷ്ടമുള്ളയിടത്തേക്ക് പോകണം എന്നതാണ് നമ്മുടെ ഇഷ്ടം. അതുകൊണ്ട് നാട്ടില്‍ എന്തെല്ലാം കാണണം എന്ന് കുട്ടിക്ക് ആഗ്രഹമുണ്ടെങ്കിലും, നാട്ടില്‍ ഒന്നും നിനക്ക് കാണാനുള്ളതല്ല എന്നാണ് അച്ഛനും അമ്മയും അമ്മാവനും ഏട്ടന്മാരുമൊക്കെ പറയുന്നത്. അങ്ങോട്ടു തിരിയണം, ഇങ്ങോട്ട് തിരിയരുത് എന്നു പറഞ്ഞുകൊണ്ട് കുട്ടികളെ മുന്നോട്ട് കൊണ്ടുപോകുന്നതിനെയാണ് നാം മാര്‍ഗദര്‍ശനം എന്നു പറയുന്നത്.

എന്തു കാണണം, എന്തു കാണാതിരിക്കണം എന്നു പറഞ്ഞുകൊണ്ട് കുട്ടികളെ കണ്‍കെട്ടു വിദ്യയില്‍ നിലനിര്‍ത്തുകയാണ് വാസ്തവത്തില്‍ എപ്പോഴും മുതിര്‍ന്നവര്‍ ചെയ്യുന്നത്. ഇന്ന് ആ കെട്ടുകള്‍ അഴിയുകയാണ്. കുട്ടികള്‍ കൂടുതല്‍ കാണുകയും കുട്ടികള്‍ക്ക് മുതിര്‍ന്നവരേക്കാള്‍ അറിവുണ്ടായിത്തീരുകയും ചെയ്യുന്ന ഒരു കാലമാണിത്. ഒരുപക്ഷേ, തലശ്ശേരിയില്‍ പണ്ട് താമസിച്ചിരുന്ന ഒയ്യാരത്തു ചന്തുമേനോന്റെ കാലംമുതല്‍ക്കുതന്നെ നമ്മുടെ നാട്ടില്‍ കുട്ടികള്‍ക്ക് കൂടുതല്‍ ബുദ്ധിയുണ്ടായിത്തുടങ്ങിയിട്ടുണ്ട്. നമുക്കറിയാത്ത പല കാര്യങ്ങളും അവര്‍ക്കറിയാം. ഒരു ടി.വി ട്യൂണ്‍ ചെയ്യാനറിയാം. പലപ്പോഴും കുട്ടിയുടെ അച്ഛാച്ചന് അതറിയൂല. കുട്ടിക്ക് ഷൂസിന്റെ ലേസ് കെട്ടാനറിയാം, മുതിര്‍ന്നവര്‍ക്ക് പലപ്പോഴും അറിഞ്ഞില്ല എന്നു വരാം. ഇത് വയസ്സായ ആളുകള്‍ക്ക് വിഷമമുണ്ടാക്കുന്ന കാര്യമാണ്. കാരണം കുട്ടികള്‍ക്ക് മുതിര്‍ന്നവരേക്കാള്‍ പ്രായമായിത്തീരുന്നു എന്നുള്ളത്; അവര്‍ കൂടുതല്‍ പഠിക്കുന്നു എന്നുള്ളത്; അറിവ് നേടുന്നു എന്നുള്ളത് ചിലപ്പോള്‍ അവരെ വിഷമമുണ്ടാക്കുന്നതും, മറ്റു ചിലപ്പോള്‍ സന്തോഷമുണ്ടാക്കുന്നതും ആയ ഒരു കാര്യമാണ്. ഇങ്ങനെ കുട്ടികളെ ഏതെല്ലാം തരത്തില്‍ വളര്‍ത്താം. കുട്ടികളെ വളര്‍ത്തുക എന്നുള്ളതിന് ചരിത്രമുണ്ടാക്കുക എന്നതാണ് സാമാന്യമായിട്ടുള്ള അര്‍ഥം. അങ്ങനെ കുട്ടികളെ ജനിപ്പിക്കുക എന്ന പ്രവര്‍ത്തനത്തില്‍നിന്നു വ്യത്യസ്തമായി; ഒരു പുതിയ ലോകം ഉണ്ടാക്കിത്തീര്‍ക്കുക എന്നുള്ള ഉപകരണങ്ങള്‍ എന്ന നിലയിലാണ്, വാസ്തവത്തില്‍ കുട്ടികളൊക്കെ നമ്മുടെ നാട്ടില്‍ ജീവിക്കുകയും വളരുകയും ചെയ്യുന്നത്. ഇവരെ എങ്ങനെ വളര്‍ത്താം എന്നതു സംബന്ധിച്ച് ഒരു പാട് സങ്കല്പങ്ങളുണ്ട്. ഒരു അമ്പത്, അറുപത്, നൂറോ കൊല്ലം മുമ്പ് സ്‌കൂളില്‍ പഠിക്കുകയും പഠിച്ച്, പഠിച്ച് പാസാവുകയും, ക്ലര്‍ക്കായിത്തീരുകയും റെയില്‍വേ ബോര്‍ഡിന്റെ പരീക്ഷയെഴുതുകയും ഒരു ജോലി കിട്ടുകയും ചെയ്യുക എന്നതായിരുന്നു നമ്മുടെ വലിയ ലക്ഷ്യം.

അങ്ങനെയുള്ള കാലത്താണ്, ടാഗോര്‍, അദ്ദേഹത്തിന്റെ അച്ഛന്റെ വകയായിട്ടുള്ള സ്ഥലം, നമുക്കൊക്കെ ഇങ്ങനെ പാരമ്പര്യമായി സ്ഥലം, എസ്റ്റേറ്റ് കിട്ടുന്നുണ്ട്. പക്ഷേ, നാമൊക്കെ ഉപയോഗിക്കുന്ന ആവശ്യത്തിനുവേണ്ടിയല്ല ടാഗോര്‍ ആ സ്ഥലം ഉപയോഗിച്ചത്. 'ശാന്തി നികേതന്‍' എന്ന് ഇപ്പോള്‍ പറയുന്ന സ്ഥലത്ത്, കാട്ടു പ്രദേശത്ത് ഒരു സ്‌കൂളുണ്ടാക്കാനും, അവിടെ സാധാരണ പഠിപ്പിക്കുന്നതില്‍ നിന്നും വ്യത്യസ്തമായി ചിലത് പഠിപ്പിക്കുവാനും ടാഗോര്‍ ശ്രമിച്ചതിന്റെ ഫലമായാണ് ഇന്ന് ലോകം മുഴുവന്‍ അറിയപ്പെടുന്ന ഒരു ടാഗോര്‍ ഉണ്ടായതും ലോകം മുഴുവന്‍ അറിയപ്പെടുന്ന ഒരു ശാന്തിനികേതന്‍ ഉണ്ടായതും. ലോകത്തില്‍ ഏറ്റവും മാനിക്കപ്പെടുന്ന നോബല്‍ സമ്മാനം ഇന്ത്യയില്‍ ടാഗോറില്‍ക്കൂടി എത്തിച്ചേര്‍ന്നതും. ഇങ്ങനെയൊക്കെ ആയിത്തീര്‍ന്നത് ടാഗോര്‍ എല്ലാവരും നടന്ന വഴിയില്‍ക്കൂടി നടന്നില്ല എന്നതുകൊണ്ടാണ്. ടാഗോറിനെ ഒരു നിമിത്തമായി പറയുന്നുവെന്നേയുള്ളൂ. നാമെല്ലാവരും അങ്ങനെ തന്നെ നടക്കുന്നവരാണ്. പക്ഷേ, അങ്ങനെ നടക്കുന്നതിനിടയില്‍ പല വഴിക്കും നടക്കുന്നവരായിത്തീരുന്നു.

ടാഗോറിന്റെ ആ വിദ്യാലയത്തിന്റെ പ്രത്യേകത; ആ വിദ്യാലയത്തിലാണ്, അടിയന്തരാവസ്ഥ കൂടി ഉണ്ടാക്കിയെങ്കിലും ഇന്ദിരാഗാന്ധി പഠിച്ചിരുന്നത്. ഉണ്ടാക്കിയ പല കാര്യങ്ങളില്‍ ഒരു കാര്യം അടിയന്തരാവസ്ഥയാണെന്ന് നമുക്കറിയാമെങ്കിലും ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് അവിടെ പാട്ടും നൃത്തവും പഠിച്ചിരുന്ന പഴയ കുട്ടികളിലൊന്ന് ഇന്ദിരാഗാന്ധിയായിരുന്നുവെന്നതാണ്. അവിടത്തെ സ്‌കൂളിലെ വലിയ പ്രത്യേകത അതിനു മേല്‍പ്പുര ഉണ്ടായിരുന്നില്ല എന്നതാണ്. മേല്‍പ്പുര ആകാശം മാത്രം മതി എന്ന സങ്കല്പത്തോടുകൂടി; കുട്ടികള്‍ വളരുമ്പോള്‍ ആകാശത്തോളം വളരണം എന്ന വിശ്വാസത്തോടുകൂടി മരത്തിന്റെ കീഴിലും ഇരുന്ന് പഠിക്കുന്ന ഒരു കൂട്ടം വിദ്യാര്‍ഥികളെയാണ് ടാഗോര്‍ അവിടെ വളര്‍ത്തിയത്. ഇന്നത്തെ കെ.ഇ.ആറില്‍ പറയുന്ന നിബന്ധനകളൊന്നും ടാഗോറിന്റെ സ്‌കൂളിനുണ്ടായിരുന്നില്ല. 'യത്ര വിശ്വം ഭവത്യേകനീഡം'- എന്നവിടെ എഴുതിവെച്ചിട്ടുണ്ട്. ഈ ലോകം മുഴുവന്‍ എന്റെ വീടാണ് എന്ന് എഴുതിവെച്ച ഒരാള്‍, അവിടെ അദ്ദേഹം കുട്ടികളെ പഠിപ്പിക്കുകയും, കുട്ടികള്‍ പഠിക്കേണ്ട പല കാര്യങ്ങളില്‍ നാമിന്ന് തോന്ന്യാസമെന്നും പോക്രിത്തരമെന്നും ഗുരുത്വ ദോഷമെന്നും പറയുന്ന പല കാര്യങ്ങളും ഉള്‍പ്പെടുത്തുകയും, പാട്ടു പാടുകയും ചിത്രം വരയ്ക്കുകയും ശില്പങ്ങള്‍ ഉണ്ടാക്കുകയും തുടങ്ങി എല്ലാ താന്തോന്നിത്തരങ്ങളും ആണ് ഇവിടെ പഠിപ്പിക്കേണ്ടതെന്ന് തീരുമാനിക്കുകയും ചെയ്തു. ഇതിന്റെ ഫലമായിട്ട് ഉണ്ടായത് ഒരു പക്ഷേ, ലോകത്തൊരിടത്തും കാണാത്ത ഒരു വിദ്യാലയവും, ലോകത്തിന്റെ അഭിനന്ദനം അറിയിച്ചുവെച്ചുള്ള ഒരു വലിയ പപ്പടത്തിന്റെ വട്ടത്തിലുള്ള മെഡലും (ഇതാണ് നോബല്‍ സമ്മാനമായി കിട്ടുന്നത്) ആണ്. ഈ തിളങ്ങുന്ന വലിയ പപ്പടം ഇന്ത്യക്ക് വാങ്ങിത്തന്ന ഒരാള്‍ ശാസ്ത്രജ്ഞനായിരുന്നില്ല; ഔപചാരികമായ വിദ്യാഭ്യാസംപോലും ശരിക്ക് കിട്ടാത്ത; ആളുകള്‍ സന്ന്യാസിയായി തെറ്റിദ്ധരിക്കുന്ന സൗന്ദര്യാരാധകനായ ടാഗോറായിരുന്നു.
നമ്മുടെ നാട്ടില്‍ ഒരു ഇരുപത്തിയഞ്ച് കൊല്ലംമുമ്പ് താടിയുള്ളവരെല്ലാം തീവ്രവാദികളാണെന്നും, അമ്പതുകൊല്ലം മുമ്പ്, താടിയുള്ളവരെല്ലാം സന്ന്യാസിമാരാണെന്നും ധരിച്ചിരുന്നു. ശരീരത്തിന്റെ പ്രവര്‍ത്തനത്തിന് പല അപാകതകളുമുണ്ട്. വളരെ പ്രസിദ്ധമായ മലബാര്‍ ലഹളക്കാലത്ത് ഹിന്ദുവിനെയും മുസല്‍മാനെയും തിരിച്ചറിയാനുള്ള മാര്‍ഗമായി നേപ്പാളില്‍നിന്നു വന്ന പട്ടാളക്കാരോട് അധികാരികള്‍ കല്പിച്ചത് ''കാതുപിടിച്ച് നോക്കുക; കാതിന് ഓട്ടയുണ്ടെങ്കില്‍ ഹിന്ദുവാണെന്നും ഇല്ലെങ്കില്‍ മുസ്‌ലിം ആണെന്നുമാണ്''. നേപ്പാള്‍ എന്നു പറയുന്നത് ഗൗതമബുദ്ധന്റെ നാടിന്റെ തൊട്ടടുത്ത നാടാണ്. നേപ്പാളില്‍നിന്നും പട്ടാളക്കാര്‍ മലപ്പുറത്ത് വന്നിട്ട് സംസാരിക്കാനാവാതെ ആളുകളുടെ കാതുപിടിച്ച് നോക്കുകയും, അവിടത്തെ ഹരിജനങ്ങള്‍ കാതുകുത്താത്തവരായതുകൊണ്ട് മിക്കവാറും എല്ലാ ഹരിജനങ്ങളെയും തെറ്റിദ്ധരിച്ച് കൊല്ലുകയും ചെയ്തു. അതുകൊണ്ട് നിങ്ങളുടെ കാതിനു ഓട്ടയുണ്ടെങ്കില്‍ നിങ്ങളൊരു ഹിന്ദുവാണെന്നു കരുതാം. താടി നീട്ടിയിട്ടുണ്ടെങ്കില്‍ നിങ്ങളൊരു തീവ്രവാദിയാണെന്ന് കഴിഞ്ഞ പതിറ്റാണ്ടുകളില്‍ കരുതുകയും, സന്ന്യാസിയാണെന്ന് അതിന് മുമ്പത്തെക്കാലങ്ങളില്‍ കരുതുകയും ചെയ്യാം.

താടിയുള്ള ആളുകള്‍ക്ക് പിച്ചകൊടുക്കണമെന്നും, താടിയുണ്ടെങ്കില്‍ പണിയെടുക്കാതെ ജീവിക്കാമെന്നും ഇന്ത്യയിലെ സന്ന്യാസിമാര്‍ക്കറിയാമായിരുന്നു. അടുക്കള വേണ്ട. വീടിന് കിടപ്പുമുറിയുണ്ടാക്കിയാല്‍ മതി. കുശിനിവേണ്ട. കാരണം വല്ലവന്റെയും വീട്ടിലുണ്ടാക്കുന്ന ഭക്ഷണം കഴിച്ച് ജീവിക്കുന്നയാളെയാണ് നമ്മുടെ നാട്ടില്‍ വളരെക്കാലം സന്ന്യാസി എന്നു പറഞ്ഞിരുന്നത്. ഇതു പറയാന്‍ കാരണം ടാഗോറും ഇതുപോലെ താടി നീട്ടി വളര്‍ത്തിയയാളായിരുന്നു. പക്ഷേ, ആളുകള്‍ കരുതുംപോലെ അദ്ദേഹം സന്ന്യാസിയോ ഋഷിയോ ആയിരുന്നില്ല. വിവാഹിതനായ ഒരാളായിരുന്നു. ഒരു മനുഷ്യന്റെ ഏറ്റവും മനോഹരമായ കാഴ്ചയാണ് നീട്ടി വളര്‍ത്തിയ താടി എന്നതുകൊണ്ടാണദ്ദേഹം താടി വളര്‍ത്തിയത്. വളരെ ഭംഗിയുള്ള ടാഗോറിന്റെ താടി ചീകാനായി അദ്ദേഹം പോക്കറ്റില്‍ എപ്പോഴും ഭംഗിയുള്ള ചീര്‍പ്പ് കരുതുമായിരുന്നു. ചീകിയ താടി മനോഹരമാണെന്നും, ചീകാത്ത താടിക്ക് അത്ര ഭംഗിയൊന്നും ഇല്ലെന്നും അദ്ദേഹം മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് ഈ ലോകം ഭംഗിയുള്ള ലോകമാക്കിത്തീര്‍ക്കണമെന്നും, ഈ ലോകം മരങ്ങളെക്കൊണ്ടും, ഈ ലോകം സുഗന്ധങ്ങളെക്കൊണ്ടും, ഈ ലോകം സംഗീതത്തെക്കൊണ്ടും നിറയ്ക്കണം എന്നും കരുതിയിരുന്ന ആളാണ് ടാഗോര്‍. അതുകൊണ്ട് നമ്മുടേതില്‍ നിന്നും വ്യത്യസ്തമായി, നാടു മുഴുവന്‍ ഇംഗ്ലീഷ് ഭാഷകൊണ്ട് നിറയ്ക്കുകയോ, മലയാള വിദ്വാന്മാരെക്കൊണ്ട് നിറയ്ക്കുകയോ അല്ല. ഇതിനപ്പുറത്ത് മനുഷ്യന്‍ ഇഷ്ടപ്പെടുന്ന കാര്യമുണ്ട്. ഇത് ശരീരം കൊണ്ട് സംസാരിക്കുന്നു. ശരീരത്തിന്റെ നൃത്തം ആണത്. ഈ ഭാഷയിലാണ് ശിവന്‍ സംസാരിച്ചിരുന്നത്.

ശരീരംകൊണ്ട് ഒരുപാട് കാര്യങ്ങള്‍ പറയാം, അടിക്കുക മാത്രമല്ല. ഞങ്ങളുടെ കോളേജിലെ നാല്‍ക്കവലയില്‍ പൊരിഞ്ഞ അടിനടക്കുന്ന സമയത്ത് അതുവഴി വന്ന കോളേജ് അധ്യാപകന്‍കൂടിയായ കേരളത്തിലെ ഒരു പ്രശസ്ത കവി മാറിനിന്ന് പറഞ്ഞത് 'എനിക്ക് ഈരടിയുണ്ടാക്കാനറിയാം; ഒരടി അറിയില്ല' എന്നാണ്. ഇതൊരടിയാണ്. ഇങ്ങനെ ഈരടിയുണ്ടാക്കുമ്പോഴാണ് ഒരു ടാഗോറുണ്ടാവുകയും ഗീതാഞ്ജലിയുണ്ടാവുകയും, ഒരു പി.കുഞ്ഞിരാമന്‍നായരുണ്ടാവുകയും ഒരു ശങ്കരക്കുറുപ്പുണ്ടാവുകയും ഒരു ചങ്ങമ്പുഴയുണ്ടാവുകയും ചെയ്യുന്നത്. അതുകൊണ്ടാണ് ഒരുപാട് മാര്‍ക്ക് കിട്ടാതിരുന്ന ചങ്ങമ്പുഴ, കേരളത്തിന് ഒരുപാട് മാര്‍ക്ക് വാങ്ങിക്കൊടുത്തു എന്ന് നാം ഓര്‍ക്കേണ്ടിവരുന്നത്. ചങ്ങമ്പുഴയ്ക്ക് വളരെക്കുറച്ച് മാര്‍ക്കേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, അദ്ദേഹം മലയാളത്തിന് നേടിക്കൊടുത്ത മാര്‍ക്ക് കണക്കാക്കാന്‍ ഒരു മലയാള അധ്യാപകനും കഴിയില്ല. മാര്‍ക്കിടാന്‍ കഴിയുന്നതില്‍ കൂടുതല്‍ മാര്‍ക്ക്, കൂടുതല്‍ നേട്ടം ഒരൊറ്റ മനുഷ്യന്‍ നാട്ടിനുണ്ടാക്കിക്കൊടുത്തു. അദ്ദേഹം കാലഘട്ടം സൃഷ്ടിക്കുകയും, എല്ലാവരേയും പാടാന്‍ പ്രേരിപ്പിക്കുകയും, പാട്ടുകേള്‍ക്കാന്‍ പ്രേരിപ്പിക്കുകയും കവിത എന്നൊന്നുണ്ട് എന്ന് അസമിലെയും കശ്മീരിലെയും ബാരക്കുകളിലെ പട്ടാളക്കാരനെക്കൂടി അറിയിക്കുകയും ചെയ്തു. ഇതുതന്നെയാണ് ഒരര്‍ഥത്തില്‍ ടാഗോറും ചെയ്തത്.

നമ്മുടെ ദൈനംദിന പ്രവര്‍ത്തനങ്ങളായ നെല്ലുണ്ടാക്കുക, വിളയിക്കുക, തിന്നുക എന്നിവ പോലെതന്നെ പ്രധാനമാണ് ജീവിതത്തില്‍ നിന്നും വിളയിക്കുന്ന മറ്റു പലതും. ഇത്തരം ഒന്നാണ് 'വെള്ളരിനാടകം'. വയലുകളില്‍ നെല്ലുമാത്രമല്ല ജീവിതവും വിളയിക്കുന്നതാണ് നാട്ടുജീവിതം. ഒരു നാടകമെഴുതുമ്പോള്‍ ജീവിതം എന്താണെന്നു നാം മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. നമ്മുടെ പ്രശ്‌നങ്ങള്‍ അറിയാന്‍ ശ്രമിക്കുന്നു എന്നാണിതിനര്‍ഥം. അവനവനെത്തന്നെ കാണാനുള്ള ഒരു കണ്ണാടി മുന്നില്‍ വെച്ച് കൊടുക്കുന്നുവെന്നതാണ് മിക്കവാറും എല്ലാ കലാകാരന്മാരും ചെയ്തുകൊണ്ടിരിക്കുന്നത്. മൂല്യബോധത്തിനുപരിയായി മറ്റു ചില മൂല്യങ്ങള്‍; ചില ബോധങ്ങള്‍ ഉണ്ടാക്കിത്തരല്‍ കൂടിയാണിത്. കിണറ്റിലെ തവളയുടെ മനോഭാവം കാത്തു സൂക്ഷിക്കല്‍ ചില അധ്യാപകരുടെ പ്രത്യേകതയാണ്. ചാടി നടക്കാന്‍ ഒരുപാട് സ്ഥലമുണ്ട് എന്ന്, ചാടിക്കളിക്കാന്‍ ഒരുപാട് ആകാശമുണ്ട് എന്ന് മനസ്സിലാക്കുന്ന ഒരു തവളയെയാണ് കലാകാരന്‍ എന്നു പറയുന്നത്. ഇത്തരം തവളകളില്‍ ചിലത് ചില അടയാളങ്ങള്‍ നല്‍കും. തന്റെ കല കൊണ്ട് ഉണ്ടാകുന്നതാണിത്. നെറ്റിയില്‍ പൊട്ടുകുത്തുന്നതുപോലെ. നല്ല വാക്കുപയോഗിക്കുമ്പോഴത് നെറ്റിയിലെ പൊട്ടുപോലെ തിളങ്ങും. തിളങ്ങുന്ന ഒരു വാക്കു പറയുമ്പോള്‍ നമ്മുടെ ഭാഷ കത്തിക്കാളുകയും, ഭാഷ ചിരിക്കുകയും, ഭാഷ കരയുകയും ജീവിതത്തിന്റെ നിറങ്ങള്‍ നമുക്ക് കാണിച്ചു തരുകയും ചെയ്യുന്നു. ഭാഷയിലും നിറങ്ങളിലും സ്വതന്ത്രമായ വളര്‍ച്ചയാണ് ടാഗോര്‍ ആഗ്രഹിച്ചിരുന്നത്. കുട്ടികള്‍ക്ക് അവരുടേതായ സഞ്ചാരപഥങ്ങളുണ്ടെന്നും നാം ഓര്‍മിക്കേണ്ടിയിരിക്കുന്നു. അവരാണ് ഇന്നിനെയും നാളെയും രൂപ കല്പന ചെയ്യുന്നതെന്നും അറിയേണ്ട ബാധ്യത നമുക്കുണ്ട്.
(മനുഷ്യര്‍ പാര്‍ക്കുന്ന ലോകങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്)

0 comments:

കമന്റുകള്‍ മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം key bord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ